പനാജി: ഗോവയില്‍ റിസോർട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനം വലിയ കരുനീക്കങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നേടാനാകില്ലെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ പുതിയ സാധ്യതകള്‍ പരിശോധിക്കുകയാണ് ബി.ജെ.പി നേതൃത്വം.
അതേസമയം, കോണ്‍ഗ്രസാകട്ടെ തങ്ങളുടെ സ്ഥാനാര്‍ഥികളെ സ്ഥാനാര്‍ഥികളെ ചാക്കിട്ട്പിടിത്തം ഭയന്ന് റിസോര്‍ട്ടിലേക്ക് മാറ്റി കഴിഞ്ഞു. റിസോർട്ട് രാഷ്ടീയത്തിൽ പേരു കേട്ട കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനെ പാർട്ടി ഗോവയിലേക്ക് അയച്ചാണ് തുടക്കം. കോൺഗ്രസ് ഉന്നതാധികാര സമിതിയുടെ നിർദേശപ്രകാരം പ്രത്യേക വിമാനത്തിലാണ് ശിവകുമാർ ഗോവയിലേക്ക് പുറപ്പെട്ടത്. കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും അദ്ദേഹം ഗോവയിൽ ക്യാമ്പ് ചെയ്യും.
കോണ്‍ഗ്രസ് തങ്ങളുടെ വീടിന് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയതായും കൊള്ളയടിക്കപ്പെടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ചിദംബരം എന്‍.ഡി.ടി.വിയോട് പറഞ്ഞു. ജനവിധി അട്ടിമറിക്കുന്ന പാര്‍ട്ടി ഇപ്പോഴും ഇവിടുണ്ട്. ഏത് പാര്‍ട്ടിയാണ് എന്ന് നമുക്ക് നന്നായറിയാം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പൂട്ടിയിട്ടിരിക്കയാണ് എന്നതൊക്കെ പ്രചാരണങ്ങള്‍ മാത്രമാണ്. ഒരു സ്ഥാനാര്‍ഥിയുടെ പിറന്നാള്‍ ആഘോഷത്തിനായാണ് എല്ലാ സ്ഥാനാര്‍ഥികളും ഒത്തുകൂടിയതെന്നും ചിദംബരം പറഞ്ഞു.
ഏത് സമയത്തും പാര്‍ട്ടി വിളിക്കുമ്പോള്‍ എത്താനുള്ള നിര്‍ദേശം സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഫലം വരുന്ന ദിവസം ചിലപ്പോള്‍ ട്രെന്‍ഡുകള്‍ പുറത്ത് വന്ന് തുടങ്ങിയാല്‍ മിനുട്ടുകള്‍ക്കകം യോഗം ചേര്‍ന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരിഞ്ഞെടുക്കേണ്ട സാഹചര്യമല്ലാം ഉണ്ടാവാം. അതിനാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് സമയത്തും എത്താനുള്ള നിര്‍ദേശം സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. ജയിച്ചാലും തോറ്റാലും ഒരു സ്ഥാനാര്‍ഥി പോലും കോണ്‍ഗ്രസ് പാര്‍ട്ടിയെ തള്ളിപ്പറയില്ല. കോണ്‍ഗ്രസ് നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ചിദംബരം പറഞ്ഞു.
മുൻ കർണാടക കോൺഗ്രസ് അധ്യക്ഷനും പാർട്ടി ജനറൽ സെക്രട്ടറിയുമായ ദിനേഷ് ഗുണ്ടു റാവുവിനാണ് ഗോവയിലെ കോൺഗ്രസിന്റെ ചുമതല.ബിജെപിയല്ലാത്ത ഏത് പാർട്ടിയുമായും ഞങ്ങൾ തുറന്ന സഖ്യത്തിന് തയ്യാറാണെന്നും എഎപി ആയാലും തൃണമൂൽ ആയാലും ഗോവയിൽ ബിജെപിക്കെതിരെയുള്ള ഏത് പാർട്ടിയുമായും ഗോവയിൽ സഖ്യമുണ്ടാക്കുമുണ്ടാക്കുമെന്നും ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
അതേസമയം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു.പാര്‍ട്ടിക്കുള്ള സാധ്യതകള്‍ അദ്ദേഹവുമായി ചർച്ച ചെയ്തു. സാവന്ത് മറ്റു നേതാക്കളേയും കാണാൻ സാധ്യതയുണ്ട്. തുടർന്ന് ഗോവയില്‍ ബിജെപിയുടെ ചുമതലയുണ്ടായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിനെ കാണാന്‍ മുംബൈയിലേക്ക് പുറപ്പെടും.
ഫെബ്രുവരി 14-ന് ഒറ്റഘട്ടമായാണ് ഗോവയിൽ വോട്ടെടുപ്പ് നടന്നത്. 2017ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്ര്‌സ് ഇത്തവണ കനത്ത മുന്നൊരുക്കളാണ് തുടങ്ങിയിരിക്കുന്നത്. ചെറിയ പാര്‍ട്ടികളെ ഒപ്പംനിര്‍ത്തി അധികാരം പിടിക്കാൻ തന്നെയാണ് ബിജെപി ഇത്തവണയും ശ്രമിക്കുന്നത്.
40 അംഗ ഗോവ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാന്‍ വേണ്ടത് 21 സീറ്റുകളാണ്. ഇന്ത്യ ടുഡേ, ടൈംസ് നൗ എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാകും എന്നാണ് പ്രവചിച്ചിരിക്കുന്നത്. 2017-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. ചെറിയ പാര്‍ട്ടികളെ ഒപ്പംനിര്‍ത്തി ബിജെപി അധികാരം പിടിക്കുകയായിരുന്നു.