തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന മോശം പരാമർശങ്ങൾക്കെതിരെ വിമർശനവുമായി മന്ത്രി വീണ ജോർജ് രംഗത്ത്. ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പമാണ് താനെന്നും അവര്ക്കെതിരായ നിലപാടുകൾ പ്രതിഷേധാർഹമാണെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്രാ വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
‘പോയി ചത്തുകൂടെ’ എന്നായിരുന്നു നടിയുടെ പോസ്റ്റിലെ ഒരു കമന്‍റെന്ന് ചൂണ്ടികാട്ടിയ വീണ ജോർജ് ഇത്തരം മാനസികാവസ്ഥ എന്താണ് കാണിക്കുന്നതെന്നും ചോദിച്ചു. ചിലരുടെ കമന്‍റുകളും നിലപാടും പ്രതിഷേധാർഹമാണ്. സമൂഹമാധ്യമങ്ങളിലെ ചിലരുടെ പരാമർശത്തെക്കുറിച്ചുള്ള നടിയുടെ തുറന്നുപറച്ചിൽ വേദനിപ്പിച്ചെന്നും ഇനിയും മാറാത്ത മനോഭാവമുള്ളവർ നമുക്കിടയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയുടെ തുറന്നു പറച്ചിൽ തന്നെ ഏറെ വേദനിപ്പിച്ചെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ ആക്രമിക്കപ്പെട്ടതിനുശേഷം കടന്നുപോയ മാനസിക പീഡനങ്ങളെക്കുറിച്ചും സംഘർഷങ്ങൾ നിറഞ്ഞ ജീവിതത്തെക്കുറിച്ചും പ്രതികരണവുമായി അതിജീവത പൊതു വേദിയിലെത്തിയിരുന്നു. നിരവധി പേർ പിന്തുണയുമായി എത്തിയിരുന്നെങ്കിലും സമൂഹമാധ്യമങ്ങളിലടക്കം നടന്ന നെഗറ്റീവ് പി.ആർ പ്രചാരണങ്ങളിലും കള്ളപ്രചാരണങ്ങളിലും ശരിക്കും തകർന്നുപോയിരുന്നുവെന്ന് നടി പറഞ്ഞു. കോടതിയിൽ വാദത്തിനെത്തിയ 15 ദിവസത്തിനൊടുവിലാണ് താനൊരു ഇരയല്ലെന്നും അതിജീവിതയാണെന്നും സ്വയം തിരിച്ചറിയുന്നതെന്നും അവർ വെളിപ്പെടുത്തി. പ്രമുഖ മാധ്യമപ്രവകർത്തക ബർഖ ദത്തിന്റെ നേതൃത്വത്തിൽ ‘മോജോ സ്റ്റോറി’ യൂടൂബ് ചാനലിൽ We The Women എന്ന തലക്കെട്ടിൽ നടന്ന തത്സമയ ഗ്ലോബൽ ടൗൺഹാളിലായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.
അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ചാണ് ഹരജി തള്ളിയത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധഗൂഡാലോചന നടത്തിയ കേസിൽ ഫോണിലെ തെളിവുകൾ നടൻ ദിലീപ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയിൽ വെച്ച് ഫോണുകൾ ഫോർമാറ്റ് ചെയ്തയെന്നും കണ്ടെത്തി. തെളിവുകൾ നശിപ്പിക്കാൻ ദിലീപ് മനപൂർവം ശ്രമിച്ചു എന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.