ന്യൂഡൽഹി; കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ച വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി ഇന്ത്യ. മാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്രാ വിമാനം സർവീസുകൾ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 20 നാണ് അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. പിന്നീട് വിദേശത്ത് കുടുങ്ങിക്കിടന്നവരെ രാജ്യത്ത് എത്തിക്കാൻ വന്ദേഭാരത് വിമാന സർവ്വീസ് കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു.
2020 ജൂലൈ മുതലായിരുന്നു ഇത്. കൊറോണ വ്യാപനത്തിൽ അയവുവന്നതിനെ തുടർന്ന് ആഭ്യന്തര വിമാന സർവ്വീസുകൾ പുന:രാരംഭിച്ചെങ്കിലും അന്താരാഷ്‌ട്ര വിമാന സർവ്വീസിനുള്ള നിയന്ത്രണം തുടരുകയായിരുന്നു. ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ചിട്ടുള്ള അന്താരാഷ്‌ട്ര കാർഗോ പ്രവർത്തനങ്ങളും, ഇന്ത്യയുമായി എയർ ബബിൾ കരാറിലേർപ്പെട്ട രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകളും മാത്രമാണ് ഇതുവരെ പ്രവർത്തിച്ചിരുന്നത്.