“വിജയിച്ച വനിത” എന്ന ടൈറ്റിൽ ആർക്കൊപ്പം ഉണ്ടെങ്കിലും നിസംശയം പറയാം അവൾ വെല്ലുവിളികളെ അതിജീവിച്ചവൾ ആണെന്ന്. സമ്പന്നയോ സുപ്രസിദ്ധയോ എന്നുവേണ്ട സമൂഹം കല്പിച്ച സകല സൗഭാഗ്യങ്ങളുമുണ്ടെങ്കിലും വിജയം വരിക്കാൻ സ്ത്രീകൾ അതിജീവിക്കേണ്ട കടമ്പകൾ ഏറെയാണ്. ഈ ദിനം -അന്താരാഷ്ട്ര വനിതാ ദിനം അത്തരം സ്ത്രീകളെ അടയാളപ്പെടുത്തുമ്പോൾ അത്തീജീവനത്തിനായ് പോരാടുന്ന അനേകം സ്ത്രീകൾക്ക് അത് പ്രചോദാനമാണ്, കരുത്താണ്…
“ഇന” അത്തരത്തിൽ ഒരു വിജയി ആണ്. അവൾ അനുഭവിച്ച വേദനയിലൂടെ കടന്നുപോയ, ഇനിയും കടന്നുപോകേണ്ട അനേകായിരം സ്ത്രീകളുടെ അടയാളപ്പെടുത്തൽ. ഇനിയ എന്ന അമ്മയുടെ കഥയാണിത്. ആദ്യമായി അമ്മയാകുമ്പോൾ ഉണ്ടാകുന്ന ആശങ്ക പതിയെ പതിയെ വളർന്ന് മനസിനെയും ശരീരത്തെയും കീഴ്പ്പെടുത്തുന്ന അവസ്ഥ, എല്ലാവരിലും അല്ലെങ്കിലും പകുതിയിലേറെ അമ്മമാരും കടന്നുപോകുന്ന വെല്ലുവിളി നിറഞ്ഞ ദിവസങ്ങളാണവ. കുഞ്ഞിന്റെ കളിചിരികൾക്കൊപ്പം ചിലരൊക്കെ രക്ഷപെടും, എന്നാൽ ചിലർ അതിൽ അകപ്പെടും. നിരാശയും സങ്കടവും അതിലേറെ നിസഹായാവസ്ഥയും കൊണ്ട് കുഞ്ഞിനെപ്പോലും നോക്കാനാവാതെ പോകുന്ന അമ്മയുടെ അവസ്ഥ വാക്കുകൾക്ക് അതീതമാണ്. ഒപ്പം നിൽക്കാൻ താങ്ങായും തണലായും ആരും ഇല്ലാതെ ജീവിതം കൈവിട്ടു പോയ അമ്മമാരും നിരവധിയാണ്.
പോസ്റ്റുപാർട്ടം ഡിപ്രെഷൻ എന്ന പേരിട്ട് വിളിക്കുന്ന ഈ അവസ്ഥയുടെ നേർച്ചിത്രമാണ് ഇന. അമ്മ എന്ന ഉത്തരവാദിത്വത്തിലേക്ക് ആദ്യമായി കടക്കുന്ന ഇനക്ക് ശാരീരികവും മാനസികവുമായി ഏറ്റെടുക്കേണ്ടി വരുന്ന വെല്ലുവിളികൾ കൊണ്ട് സ്വന്തം കുഞ്ഞിനോട് പോലും നീതിപുലർത്താൻ കഴിയാതെ, കുടുംബത്തിൽ നിന്ന് പോലും ഒറ്റപ്പെട്ടു പോകേണ്ടിവന്ന അവസ്ഥയാണ് ഇന വിവരിക്കുന്നത്. ഒരമ്മ എങ്ങനെയൊക്കെ ആകണമെന്നോ ആകാൻ പാടില്ലെന്നോ വിധി കൽപ്പിക്കുന്ന കുടുംബത്തിനും സമൂഹത്തിനുമിടയിൽ, തന്നിലെ അമ്മയെ നഷ്ടപ്പെട്ട ഈ ഇനയുടെ കഥ ഒരു പക്ഷേ നിങ്ങൾക്കറിയുന്നതാകാം.. നിങ്ങളുടേതുമാകാം…
എന്നാൽ ഇനിയൊരാളുടേതുമാകാതെയിരിക്കാൻ…
മരുന്നുകൾക്കും മാനസികമായ സാന്ത്വനങ്ങൾക്കും മീതെ ഒരു സ്ത്രീ അവരെതന്നെ സ്വയം തിരിച്ചറിയേണ്ടുന്നതിന്റെ പ്രാധാന്യം കൂടി ഇനയിലൂടെ നിങ്ങൾക്ക് കാണാൻ സാധിക്കും.
ആർ.വി, എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ രാജീവ്‌വിജയ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ കുഞ്ഞു ചിത്രം ഇതിനോടകം അമ്പതോളം അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട് .
ശീതൾ ബൈഷി , അസ്‌കർ ഖാൻ , ആലിയ , നദീറ , തുടങ്ങിയ പുതുമുഖ താരങ്ങൾ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുമ്പോൾ , സംഗീതം – അജി സരസ് , സൗണ്ട് ഡിസൈൻ – എൽദോ എബ്രഹാം , സൗണ്ട് മിക്സ് – ശ്രീജിത്ത് എസ് ,ആർ , സബ് ടൈറ്റിൽസ് – അശ്വനി കെ ആർ , ബൈജു , സുഷ്‌മി സിറാജ് ,മനോജ് , പോസ്റ്റർ ഡിസൈൻ – ജിജോ സോമൻ എന്നിവർ പിന്നണിയിലും പ്രവർത്തിച്ചിരുന്നു
വെല്ലുവിളികളിലൂടെ വിജയം വരിച്ചവരാണ് സമൂഹത്തിൽ ശ്രദ്ധിക്കപ്പെടുന്നത്, ‘ഇന’യും അത്തരമൊരു വനിതയാണ്.. അവളുടെ കഥ നിങ്ങളിലെത്തിക്കാൻ ഏറ്റവും മികച്ച ദിനം ഇന്നുതന്നെയാണ്.