ന്യൂഡൽഹി: യുക്രെയ്നില്‍ സൈന്യത്തിന്റെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി ഹര്‍ജോത് സിംഗിനെ ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ വിമാനത്തിൽ ഡൽഹിയിലെത്തിയ ഹർജോതിനെ ആർആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹർജ്യോത് സിംഗ് കഴിഞ്ഞ ദിവസം തന്നെ യുക്രെയ്ൻ അതിർത്തി കടന്നിരുന്നു. ഇന്ത്യയിലെ നയതന്ത്രജ്ഞർക്കൊപ്പം റോഡ് മാർഗമാണ് ഹർജ്യോത് യുക്രൈന്‍ കടന്ന് പോളണ്ടിൽ എത്തിയത്.
പോളണ്ടില്‍ നിന്നുള്ള ഇന്ത്യൻ സംഘത്തിനൊപ്പമാണ് ഹർജോത് മടങ്ങിയെത്തിയത്. കീവില്‍ നിന്നും ലവിവിലേക്ക് പോകുന്നതിനിടെയാണ് ഹര്‍ജോത് സിംഗിന് വെടിയേറ്റത്. കിയവിൽ നിന്ന് മെട്രോ കയറാൻ യുക്രൈന്‍ അധികൃതർ അനുമതി നൽകാതിരുന്നതിനെ തുടർന്ന് ടാക്സിയിൽ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഹര്‍ജ്യോതിന് ആക്രമികളുടെ വെടിയേൽക്കുന്നത്. കാലിന് പൊട്ടലുമുണ്ട്.
ഡൽഹി ഛത്തർപൂർ സ്വദേശിയാണ് ഹർജ്യോത് സിംഗ്. യുദ്ധക്കെടുതിയില്‍ ഹർജ്യോതിന് പാസ്‌പോർട്ട് അടക്കമുള്ള രേഖകളും നഷ്ടമായിരുന്നു.