ന്യൂഡല്‍ഹി: യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ റഷ്യയെ പിന്തുണച്ച് ഹിന്ദു സേന ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തി. മുദ്രാവാക്യവും പ്ലക്കാര്‍ഡുകളുമായി സെന്‍ട്രല്‍ ഡല്‍ഹിയിലാണ് ഹിന്ദു സേന റഷ്യന്‍ അനുകൂല മാര്‍ച്ച് നടത്തിയത്.
‘റഷ്യ… നിങ്ങള്‍ പൊരുതിക്കോളു, ഞങ്ങള്‍ ഒപ്പമുണ്ട്’, ‘ഭാരത് മാതാ കി ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച്. മാര്‍ച്ചില്‍ നൂറോളം പേര്‍ പങ്കെടുത്തു.
ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് പകരം ഇന്ത്യ റഷ്യയെ പിന്തുണക്കുകയാണ് വേണ്ടിയിരുന്നതെന്ന് ഹിന്ദു സേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്ത പറഞ്ഞു. ഫാസിസ്റ്റ് രാജ്യമായ യുക്രൈന്‍ പലപ്പോഴും പാകിസ്ഥാനെ പിന്തുണക്കുകയും ഇന്ത്യയുടെ ആണവ പദ്ധതിക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടെന്നും ഹിന്ദുസേന ആരോപിച്ചു. ഹിന്ദു സേന റഷ്യയെ പിന്തുണച്ച് നേരത്തെയും മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
‘ഒരു യുദ്ധവും നല്ലതല്ല, എന്നാല്‍ നല്ലതിനെ പിന്തുണക്കേണ്ടി വന്നാല്‍ റഷ്യക്കൊപ്പമായിരിക്കും. റഷ്യ എക്കാലവും ഇന്ത്യക്കൊപ്പമായിരുന്നെന്നും ഹിന്ദുസേന പ്രവര്‍ത്തകര്‍ പറഞ്ഞു.
നേരത്തേയും ഹിന്ദു സേന റഷ്യയെ പിന്തുണച്ച് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അന്ന് സംഘടനയ്ക്ക് ഒരു അബദ്ധവും പറ്റി. സോവിയറ്റ് യൂണിയന്‍ സ്ഥാപകനായ ലെനിന്റേതെന്ന് കരുതി റഷ്യന്‍ കവി അലക്‌സാണ്ടര്‍ പുഷ്‌കിന്റെ പ്രതിമയിലാണ് ഹിന്ദു സേനാ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിപ്പിച്ചത്.