തിരുവനന്തപുരം: കേരളത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളുമായി ബന്ധപ്പെട്ട വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽജെഡിക്കും സിപിഐഎമ്മിനും സീറ്റ് നൽകണമോയെന്നത് ഉൾപ്പെടെ എൽഡിഎഫ് ചർച്ച ചെയ്യും. എല്ലവർക്കും അവകാശവാദം ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
സിപിഐഎം സംസ്ഥാന കമ്മിറ്റി മറ്റന്നാൾ ചേരും. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരടിൽ അംഗങ്ങളുടെ അഭിപ്രായം കേൾക്കും. വിഷയം മുന്നണി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ശശി മുഖ്യന്ത്രിയുടെ ഓഫീസിൽ എത്തുമോ എന്ന ചോദ്യത്തിന് അതൊക്കെ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കോടിയേരി മറുപടി നല്‍കി.
കേരളത്തിൽ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 31ന് നടക്കും. എൽഡിഎഫിന് ലഭിക്കുന്ന രണ്ടു സീറ്റിൽ ഒരെണ്ണം വേണമെന്ന് സിപിഐ അവകാശവാദം ഉന്നയിക്കും. തോമസ് ഐസക് അടക്കമുള്ളവർ സിപിഎം പരിഗണനയിലുണ്ട്.
എ കെ ആൻറണി, സോമപ്രസാദ്, എം വി ശ്രേയാംസ്കുമാർ എന്നിവരുടെ കാലാവധി തീരുന്ന ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇനി മത്സരിക്കാനില്ലെന്നും കേരളത്തിലേക്ക് മടങ്ങുകയാണെന്നും നേരത്തെ എ കെ ആൻറണി ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. ആൻറണി മാറുമ്പോൾ ആരെന്ന് ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് കോൺഗ്രസ്സിനു മുന്നിലെ വെല്ലുവിളി.
സഭയിലെ അംഗസംഖ്യ അനുസരിച്ച് രണ്ട് സീറ്റ് എൽഡിഎഫിനും ഒന്ന് യുഡിഎഫിനുമാണ്. തോമസ് ഐസക്, വിജുകൃഷ്ണൻ, വിപി സാനു, ചിന്താ ജെറോം തുടങ്ങിയ പേരുകൾ സിപിഎം നിരയിൽ ചർച്ചയിലുണ്ട്.