ന്യൂഡൽഹി: പഞ്ചാബിൽ അമൃത്സറിലെ ഖാസയിലുള്ള സേനാ ക്യാംപിൽ ബിഎസ്എഫ് ജവാൻ 4 സേനാംഗങ്ങളെ വെടിവച്ചു കൊന്നശേഷം ജീവനൊടുക്കി. 144–ാം ബറ്റാലിയനിലെ മെസ്സിൽ കോൺസ്റ്റബിൾ എസ്.കെ. സെട്ടപ്പയാണ് ഇന്നലെ രാവിലെ 10.15നു സഹപ്രവർത്തകർക്കുനേരെ നിറയൊഴിച്ചത്. ഹെഡ് കോൺസ്റ്റബിൾമാരായ റാം ബിനോദ് (ബിഹാർ), ഡി.എസ്.തൊറാസ്കർ (മഹാരാഷ്ട്ര), ബൽജിന്ദർ കുമാർ (ഹരിയാന), രത്തൻ സിങ് (ജമ്മു കശ്മീർ) എന്നിവരാണു കൊല്ലപ്പെട്ടത്. മറ്റൊരു സേനാംഗത്തിനു ഗുരുതരമായി പരുക്കേറ്റു. ബറ്റാലിയൻ കമൻഡാന്റിന്റെ വാഹനത്തിനു നേർക്കും വെടിവച്ചു.
കർണാകട സ്വദേശിയായ സെട്ടപ്പ അമിത ജോലിഭാരം മൂലം അസ്വസ്ഥനായിരുന്നുവെന്നു സൂചനയുണ്ട്. 144–ാം ബറ്റാലിയന്റെ കീഴിലാണ് ഇന്ത്യ – പാക്ക് അതിർത്തി മേഖലയായ അട്ടാരി – വാഗ. ഇവിടെ ദിവസവും വൈകിട്ടു നടക്കുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങിനു നേതൃത്വം നൽകുന്നത് ഈ ബറ്റാലിയനിലെ സേനാംഗങ്ങളാണ്.