ഡൽഹി: തെരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്‌ച വരാനിരിക്കെ ബിജെപിയെ ഭയന്ന് ഉത്തരാഖണ്ഡിലെ കോൺഗ്രസ് സ്ഥാനാർഥികളെ രാജസ്ഥാനിലെ ‘ബങ്കറി’ലേക്ക് മാറ്റുന്നതായി റിപ്പോർട്ടുകൾ. മുൻമുഖ്യമന്ത്രി ഹരിഷ് റാവത്ത്, പിസിസി അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ, പ്രതിപക്ഷ നേതാവ് പ്രീതം സിങ് തുടങ്ങിയവർ ഡൽഹിയിൽ എത്തി എഐസിസി നേതൃത്വത്തെ വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. ഇത്തവണ ബിജെപിയുടെ കുതിരക്കച്ചവടം നടക്കില്ലെന്നും കോൺഗ്രസ് ഭരണത്തിലെത്തുമെന്നും ഗണേഷ് ഗോഡിയാൽ പ്രതികരിച്ചു.
ഗോവയിൽ 2017ൽ സംഭവിച്ച അട്ടിമറി ആവർത്തിക്കാതിരിക്കാനും സർക്കാർ രൂപീകരണത്തിനുള്ള സാധ്യതകൾ ആരാഞ്ഞും രാഹുൽ ഗാന്ധി പങ്കെടുത്ത യോഗം ശനിയാഴ്‌ച നടന്നു. കൂറുമാറില്ലെന്ന് ആരാധനാലയങ്ങളിലെത്തി ആണയിട്ട സ്ഥാനാർഥികളുടെ നിലപാട് എന്ത് ആകുമെന്ന ആശങ്കയും കോൺഗ്രസ് ക്യാമ്പിനെ ഇപ്പോൾ വേട്ടയാടുന്നുണ്ട്.