കൊവിഡ് മായുള്ള നമ്മുടെ നിരന്തര പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസുകള്‍ വ്യാപകമായ രീതിയിലാണ് രോഗം പരത്തിയത്. ആല്‍ഫ, ബീറ്റ എന്നിങ്ങനെയുള്ള വൈറസുകള്‍ക്ക് ശേഷമെത്തിയ ഡെല്‍റ്റ വകഭേദം ഇന്ത്യയിലടക്കം ശക്തമായ കൊവിഡ് തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
അടിസ്ഥാനപരമായി ഒരു ശ്വാസകോശ രോഗമാണ് കൊവിഡെങ്കിലും ഇത് പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് നാം കണ്ടു. ഡെല്‍റ്റ, കാര്യമായും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ തന്നെയാണ് രോഗികളില്‍ സൃഷ്ടിച്ചത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ കഴിയുമെന്നതും ഡെല്‍റ്റയുടെ പ്രത്യേകതയായിരുന്നു.
ഡെല്‍റ്റയ്ക്ക് ശേഷമെത്തിയ ഒമിക്രോണ്‍ എന്ന വകഭേദവും വലരെ വേഗത്തില്‍ രോഗം പരത്താന്‍ ശേഷിയുള്ളതായിരുന്നു. ഡെല്‍റ്റയെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ ഒമിക്രോണിന് കഴിയും. ഇപ്പോൾ ഇതാ ഒമിക്രോണിനും ഉപവകഭേദങ്ങളുണ്ടെന്ന് കണ്ടെത്തപ്പെട്ടിരിക്കുകയാണ്.
ഒമിക്രോണ്‍ ബിഎ.2 എന്ന ഉപവകഭേദം കാര്യമായ രീതിയില്‍ തന്നെ രോഗികളെ സൃഷ്ടിച്ചിരുന്നു. ഇതിന് ശേഷം ഏറ്റവും പുതുതായി ബിഎ.3 എന്നൊരു ഉപവകഭേദവും ഉള്ളതായാണ് വിദഗ്ധര്‍ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനാ പ്രതിനിധി മരിയ വാന്‍ഖെര്‍ഖോവ് ഇക്കാര്യം വ്യക്തമായി അറിയിച്ചിരുന്നു.
ഒമിക്രോണ്‍ ബിഎ.1, ബിഎ.1.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ വിവിധ തരത്തിലുള്ള ഉപവകഭേദങ്ങളുണ്ടെന്നും തുടര്‍ന്നും ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച കൂടുതല്‍ ഉപവകഭേദങ്ങള്‍ വരാമെന്നും മരിയ വാന്‍ഖെര്‍ഖോവ് വ്യക്തമാക്കി.
എന്നാലിവയൊന്നും തന്നെ ഡെല്‍റ്റയോളം പേടിക്കാനുള്ളതല്ലെന്നാണ് നിലവില്‍ വിദഗ്ധരെല്ലാം ചൂണ്ടിക്കാട്ടുന്നത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണവും മരണനിരക്കുമെല്ലാം ഒമിക്രോണില്‍ വളരെ കുറവായിരുന്നു. തുടര്‍ന്നും ഒമിക്രോണ്‍ വകഭേദങ്ങളുടെ കാര്യത്തില്‍ ഭയപ്പെടാന്‍ കാര്യമായി ഇല്ലെന്ന് തന്നെയാണ് വിവിധ പഠനങ്ങളും വിശദമാക്കുന്നു.