റഷ്യ-യുക്രൈൻ യുദ്ധം പന്ത്രണ്ടാം ദിനത്തില്‍. തുടക്കം മുതൽ ചെറുത്തുനിൽക്കുന്ന ഖാർകീവ്, തെക്കൻ നഗരമായ മരിയുപോൾ, സുമി നഗരങ്ങളെ വളഞ്ഞ് ആക്രമിക്കുന്ന റഷ്യൻ സേന ഷെല്ലാക്രമണവും വ്യോമാക്രമണവും നിർത്താതെ തുടരുകയാണ്.കിയവിൽ യുക്രൈന്‍ സൈനികർ കിടങ്ങുകൾ നിർമിച്ചും റോഡുകൾ അടച്ചും പ്രതിരോധം ശക്തമാക്കി.
സമീപ പ്രദേശങ്ങളിൽ ഷെല്ലാക്രമണം രൂക്ഷമാണ്. പ്രധാന പാതയിൽ മണൽചാക്കുകളും കോൺക്രീറ്റ് സ്ലാബുകളും നിരത്തി. തെക്കൻ നഗരമായ നോവ കഖോവ്‍ക്കയിൽ പ്രവേശിച്ച റഷ്യൻ സേനയ്ക്കെതിരെ പ്രതിഷേധവുമായി രണ്ടായിരത്തിലേറെപ്പേർ ദേശീയ പതാകയുമായി തെരുവിലിറങ്ങി.തെക്കൻ നഗരമായ ഒഡേസ ആക്രമിക്കാൻ റഷ്യൻ സേന തയ്യാറെടുക്കുകയാണെന്നും ഖാർകീവ്, മൈക്കലേവ്, ചെർണീവ്, സുമി എന്നിവിടങ്ങൾ വളഞ്ഞിരിക്കുകയാണെന്നും യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കി പറഞ്ഞു.
അതേസമയം യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ റഷ്യൻ ജനത തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. ടെലിവിഷൻ പ്രസംഗത്തിലാണ് സെലൻസ്കിയുടെ അഭ്യർഥന.നിശബ്ദത പാലിച്ചാൽ ദാരിദ്ര്യവും മാന്ദ്യവുമായിരിക്കും റഷ്യക്കാർ നേരിടേണ്ടിവരുക. അടിമത്വം വേണോ ജീവൻ വേണോ എന്ന ചോദ്യമാണു യുക്രെയ്ൻ, റഷ്യൻ ജനതകൾ നേരിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.