ആലപ്പുഴ: ആദി പമ്പ തീരത്ത് നടക്കുന്ന അനധികൃത മണലെടുപ്പിനെതിരെ ജനരോഷം ശക്തമാകുന്നു. മന്ത്രി സജി ചെറിയാൻ വിഷയം അറിഞ്ഞിട്ടും യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും മണൽകൊള്ളക്കാർക്ക് മൗനാനുവാദം നൽകുന്നുണ്ടെന്നും നാട്ടുകാർ പരാതിയുണ്ട്. പാരിസ്ഥിതിക അനുമതി ഇല്ലാതെ അധികൃതരുടെ ഒത്താശയോടെ നടത്തുന്ന ഖനനം നിർത്തണമെന്നാവശ്യപ്പെട്ട് ജനകീയ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ. പ്രദേശത്തെ യന്ത്ര വത്‌കൃത മണൽ ഖനനം തടയുന്നതിന് ഹൈകോടതിയെ സമീപിക്കുവാൻ വിവിധ സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി ജനകീയ കമ്മറ്റി രൂപീകരിച്ചു
യാതൊരു വിധ പാരിസ്ഥിതിക അനുമതിയുമില്ലാതെയാണ് മണലെടുപ്പ് പുരോഗമിക്കുന്നത്. പുഴയിൽ നിന്ന് മണലെടുക്കുന്നതിന് ആവശ്യമായ യാതൊരു വിധ നടപടിക്രമങ്ങളും വിഷയത്തിൽ പാലിച്ചിട്ടില്ല. ഇത്രയും വലിയൊരു പരിസ്ഥിതി കൊള്ള നടന്നിട്ടും മന്ത്രി അവർക്ക് കൂട്ടുനിൽക്കുകയാണ്. വിഷയത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും പരാതി നൽകുമെന്ന് നാട്ടുകാർ അറിയിച്ചു.
ആദി പമ്പ മണ്ണെടുപ്പുമായി ബന്ധപെട്ടു മുനിസിപ്പൽ കൗൺസിലർമാരായ മനീഷ് കീഴാമഠത്തിൽ, അർച്ചന കെ ഗോപി, മിനി സജൻ എന്നിവരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത ജനകീയ സമതിയുടെ യോഗത്തിലാണ് തീരുമാനം. പള്ളിയോട സേവ സമതി മുൻ അധ്യക്ഷൻ പ്രൊഫ. ശങ്കരനാരായണ പിള്ളയുടെ ആദ്യക്ഷതയിൽ വഞ്ഞി പൊട്ടിൽ കടവിലായിരുന്നു യോഗം.
ആദി പമ്പ തീരത്ത് ആറ്റു പുറമ്പോക്ക് ആരും കൈയെറിയിട്ടില്ല എന്നും നദി ഒഴുകുന്നതിന് ആർക്കും എതിർപ്പ് ഇല്ല എന്നും അശാസ്ത്രീയ രീതിയിൽ പരിസ്ഥിതി പഠന റിപ്പോർട്ട് ഇല്ലാതെയുള്ള യന്ത്ര വത്കൃത ഡ്രാഗ്ജിങ് ആണ് നിർത്തലാക്കേണ്ടത് എന്നും യോഗം വിലയിരുത്തി.
പാലം പണിയുന്നു എന്ന് പറഞ്ഞു കഴിഞ്ഞ അഞ്ച് വർഷമായി പൊളിച്ചു കളഞ്ഞ വഞ്ചിപൊട്ടിൽ കടവ് ചപ്പാത്തിന് പകരം പാലം എന്ന ജനകീയ ആവശ്യം കണ്ടില്ലയെന്ന് നടിച്ചു മണൽ കൊള്ളക്ക് അധികൃതർ അവസരം ഒരുക്കുകയാണ് ചെയ്യുന്നത് എന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു.
ഇടനാട് പള്ളിയോട പ്രതിനിധി ജയേഷ് കുട്ടമത്ത്, സിപിഐ ആലപ്പുഴ ജില്ലാ കമ്മറ്റി അംഗം പി ആർ പ്രദീപ് കുമാർ, ഇടനാട് എൻഎസ്എസ് കരയോഗം പ്രസിഡന്റ് ബാലകൃഷ്ണപിള്ള, ഗീത ജോസ്, വിനു എബ്രഹാം, എ ജി അനിൽ കുമാർ, വിനു വി പിള്ള എന്നിവരെ യോഗത്തിൽ കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. മുൻ ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി അനിശ്ചിതകാല സമരം തുടങ്ങാനും യോഗത്തിൽ തീരുമാനായിട്ടുണ്ട്. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ, പരിസ്ഥിതി പ്രവർത്തകരെ സമരത്തിൽ പങ്കെടുപ്പിക്കും.