മോസ്കോ: റഷ്യയുടെ ആവശ്യങ്ങൾ നേടും വരെ യുക്രൈനെതിരായ പോരാട്ടം തുടരുമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രൈൻ പോരാട്ടം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയോട് പുടിൻ ആവശ്യപ്പെട്ടു. കൃത്യമായ പദ്ധതിയോട് കൂടിയാണ് നിലവിലെ ഓപ്പറേഷന്‍ നടക്കുന്നത്. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ചര്‍ച്ചകളോട് യുക്രൈന്‍ ക്രിയാത്മകമായി ഇടപെടുമെന്നാണ് കരുതുന്നതെന്നും ക്രെംലിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇതിനിടെ ഒഡെസ നഗരത്തിന് നേരെ ബോംബാക്രമണം നടത്താൻ റഷ്യ തയാറെടുക്കുന്നെന്ന് യുക്രൈൻ ആരോപിച്ചു. എയർക്രാഫ്റ്റുകൾ നൽകി സഹായിക്കണമെന്ന് വ്ലാദിമിർ സെലൻസ്കി അഭ്യർത്ഥിച്ചു.
വിന്നിറ്റ്സ്യ നഗരത്തില്‍ റഷ്യ മിസൈലാക്രമണം നടത്തിയെന്നും യുക്രൈന്‍ ആരോപിച്ചു. എട്ട് മിസൈലുകള്‍ നഗരത്തില്‍ പതിച്ചെന്നാണ് യുക്രൈന്‍ പറയുന്നത്. യുക്രൈന് മേല്‍ നോ ഫ്ലൈ സോണ്‍ ഉടന്‍ ഏര്‍പ്പെടുത്തണമെന്ന് സെലന്‍സ്കി ആവശ്യപ്പെട്ടു.
അതേസമയം യുക്രൈനിലെ മരിയുപോളില്‍ വീണ്ടും താത്കാലിക വെടിനിര്‍ത്തലിന് ഉത്തരവിട്ടു. 11 മണിക്കൂറാണ് താത്കാലിക വെടിനിർത്തൽ. യുക്രൈൻ സമയം ഇന്നുരാത്രി ഒന്‍പതുവരെയാണ് വെടിനിര്‍ത്തല്‍. ജനങ്ങളെ ഒഴിപ്പിക്കാന്‍ മൂന്നിടങ്ങളില്‍നിന്ന് ബസ് പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. റെഡ്ക്രോസാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതിനിടെ പൗരന്മാര്‍ ഉടന്‍ രാജ്യംവിടണമെന്ന് അമേരിക്കയും കാനഡയും നിര്‍ദേശിച്ചു.