ചെങ്ങന്നൂര്‍: തന്നോട് അപമര്യാദയായി പെരുമാറിയ ചെങ്ങന്നൂര്‍ സി.ഐ. ജോസ് മാത്യുവിനെതിരെ ലോക്‌സഭാ സ്പീക്കര്‍ക്കും, പ്രിവിലേജ് കമ്മറ്റിയ്ക്കും പരാതി നല്‍കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട കെ-റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കാളികളായവരെ കാണാനാണ് കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ഒരു മണിക്കൂര്‍ സ്റ്റേഷനിലുണ്ടായിട്ടും സ്റ്റേഷനകത്തുണ്ടായിരുന്ന സി.ഐ. പുറത്തേയ്ക്ക് ഇറങ്ങി വരാന്‍ തയ്യാറായില്ല. സ്റ്റേഷനകത്തു പോലും കയറാനനുവദിക്കാതെ ഒരു മണിക്കൂറോളം തന്നെ പുറത്തു നിര്‍ത്തുകയായിരുന്നു. ഇരിക്കാന്‍ ഒരു കസേര പോലും നല്‍കാന്‍ തയ്യാറായില്ല. ഒരു മണിക്കൂറിന് ശേഷം പുറത്തേയ്ക്ക് ഇറങ്ങി വന്ന സി.ഐ. തന്റെ ചോദ്യങ്ങള്‍ക്ക് യാതൊരു മറുപടിയും തരാതെ ജീപ്പില്‍ കയറി പോവുകയായിരുന്നു.
ഇതിനിടയില്‍ പിരളശ്ശേരിയില്‍ സ്ത്രീകളേയും രോഗികളേയും പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന വിവരം സോഷ്യല്‍ മീഡിയായിലൂടെ കണ്ടാണ് ഉടനെ സ്റ്റേഷനില്‍ നിന്ന് പിരളശ്ശേരിയ്ക്ക് പോയത്. സ്ഥലത്തെത്തിയ തന്നോട് സ്ത്രീകളടക്കമുള്ളവര്‍ കരഞ്ഞു കൊണ്ടാണ് തങ്ങള്‍ക്കെതിരെയുളള പോലീസ് അതിക്രമങ്ങള്‍ വിവരിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കെ-റെയില്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസിന്റെ നിഷ്ഠൂരമായ അതിക്രമങ്ങളാണ് മുളക്കുഴ പഞ്ചായത്തില്‍ നടക്കുന്നത്. താന്‍ അവിടെ എത്തും മുന്‍പ് ഹൃദ്രോഗിയും സ്ഥലവാസിയുമായ ആളെ പോലീസും കെ-റെയില്‍ ജീവനക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അദ്ദേഹം കുഴഞ്ഞു വീഴുകയുണ്ടായി.
പോലീസ് സ്ഥലത്ത് ഉണ്ടായിട്ടും ജനങ്ങളെ കയ്യേറ്റം ചെയ്ത കെ – റെയില്‍ ഗുണ്ടകള്‍ക്കെതിരെയാണ് താന്‍ നാടന്‍ ശൈലിയില്‍ പ്രതികരിച്ചത്. സ്ത്രീകളെയും പ്രായാധിക്യമുള്ളവരേയും കൈയേറ്റം ചെയ്ത പുരുഷ പോലീസുകാരോടും പ്രായാധിക്യമുള്ള സ്ത്രീകളെ ഉപദ്രവിച്ച വനിത പോലീസുകാരോടും തന്റെ രോക്ഷം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. വിഷയത്തില്‍ തന്റെ ഭാഗത്തു നിന്ന് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ല. അകാരണമായി ജനങ്ങള്‍ക്കെതിരെ പോലീസ് അതിക്രമം നടക്കുമ്പോള്‍ ജനങ്ങളോടൊപ്പം നില്‍ക്കാനുള്ള ബാധ്യത തനിയ്ക്കുണ്ട്. കേസ് എടുത്ത് ജയിലിടയ്ക്കുമെന്ന ഭീഷണിപ്പെടുത്തി സമരത്തില്‍ നിന്ന് പിന്‍മാറ്റാമെന്ന് പിണറായി വിജയന്‍ കരുതേണ്ട. കെ-റെയില്‍ വിരുദ്ധ സമരത്തിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലിടച്ചാലും കൂടുതല്‍ കരുത്തോടെ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടാകും.
ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി കെ-റെയില്‍ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാമെന്നത് പിണറായി വിജയന്റെ വെറും വ്യാമോഹം മാത്രമാണ്. കെ-റെയില്‍ പദ്ധതി വെറും ചാപിള്ളയാകും എന്നതില്‍ സംശയമില്ല. കേരളത്തിലാമാനം നടക്കുന്ന കെ-റെയില്‍ വിരുദ്ധ സമരം വിജയത്തിലെത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.