യുക്രെയ്ൻ സംഘർഷവുമായി ബന്ധപ്പെട്ട് യുക്രൈനില്‍ നിന്ന് ഇതുവരെ 15 ലക്ഷം പേര് പലായനം ചെയ്തെന്ന് യുഎന്‍. യുഎന്നിന്റെ കുടിയേറ്റകാര്യ ഏജന്‍സിയായ ഐഒഎംആണ് അഭയാര്‍ഥികളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
യുക്രൈനിന്റെ അയല്‍രാജ്യങ്ങളുടെ ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐഒഎം രാജ്യത്ത് നിന്ന് പലായനം ചെയ്തവരുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. റഷ്യന്‍ അക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇതുവരെ അതിര്‍ത്തി കടന്നത് 15 ലക്ഷം പേരാണ്. കൂടുതല്‍ ആളുകളും അഭയം പ്രാപിച്ചിരിക്കുന്നത് പോളണ്ടിലാണ്. 7,87,300 പേരാണ് പോളിഷ് അതിര്‍ത്തി കടന്നത്. 2,28,700 പേര് മോള്‍ഡോവയിലേക്ക് അഭയം പ്രാപിച്ചപ്പോള്‍ 1,44,700 പേര് ഹംഗറി അതിര്‍ത്തി കടന്നു. സ്ലോവാക്യയിലേക്കാണ് ഏറ്റവും കുറവ് ആളുകള്‍ പലായനം ചെയ്തിരിക്കുന്നത്. 1,00,500 പേര്.
സ്വദേശികള്‍ക്ക് പുറമേ 138 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് യുക്രൈന് അതിര്‍ത്തി കടന്ന് അയല്‍ രാജ്യങ്ങളില്‍ അഭയം തേടിയത്. സര്‍വ്വതും ഉപേക്ഷിച്ച് യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് ഐഒഎംന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.