കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുതിര്‍ന്ന നേതാവ് പി ജയരാജനെ ഉള്‍പ്പെടുത്താത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ് ഫേസ്ബുക്കില്‍ അല്ലെന്നും കോടിയേരി പറഞ്ഞു. പി ജയരാജന്‍ മകന്‍ ജെയിന്‍ രാജന്റെ പോസ്റ്റ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോടിയേരി.
പി ജയരാജന്‍റെ വീഡിയോ ഷെയർ ചെയ്ത് ‘ആരൊക്കെ തള്ളിപ്പറഞ്ഞാലും ഇടനെഞ്ചിൽത്തന്നെ’ എന്നായിരുന്നു മകൻ ജെയ്ൻ ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടു ഈ പോസ്റ്റ്.
ജയരാജന്‍റെ മകൻ ജെയ്ൻ രാജ് ഇട്ട പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ ”ആരുടെ മകനായാലും പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിൽ പറയണം” എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.
ഫേസ്ബുക്കില്‍ ആളുകള്‍ സംസാരിക്കുന്നതിനെ സംബന്ധിച്ചൊന്നും പാര്‍ട്ടിക്ക് ഉത്തരവാദിത്വം വഹിക്കാന്‍ സാധിക്കില്ല. ഫേസ്ബുക്കില്‍ ആര്‍ക്കും അഭിപ്രായം പറയാം. അത് പാര്‍ട്ടിയുമായി ബന്ധപ്പെട്ടതല്ല. പാര്‍ട്ടി ഏകകണ്ഠമായി എടുത്ത തീരുമാനമാണിതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. തഴയപ്പെട്ടുവെന്ന ആരോപണത്തിന് ജയരാജന്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ എല്ലാ പാര്‍ട്ടി നേതാക്കളും ജനഹൃദയത്തിലാണ് ജീവിക്കുന്നത്. പാർട്ടി മെമ്പർമാർ പാർട്ടി നയങ്ങളെ കുറിച്ച് ഫെയ്സ്ബുക്കിൽ അഭിപ്രായം പറയരുത്. ഒറ്റക്കെട്ടായെടുത്ത തീരുമാനം പി ജയരാജൻ ഉൾപ്പടെ അംഗീകരിച്ചതാണെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം, പദവിയല്ല നിലപാടാണ് പ്രധാനമെന്ന് ജയരാജന്‍ നേരത്തെ പ്രതികരിച്ചിരുന്നു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് സ്ഥാനമാനത്തിനല്ല ഓരോ പ്രവര്‍ത്തകന്റെയും നിലപാടിനാണ് അംഗീകാരം. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സിപിഐഎം. ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും നടത്തിയാണ് സിപിഐഎം സമ്മേളനങ്ങള്‍ നടക്കുന്നതെന്നും പി ജയരാജന്‍ പ്രതികരിച്ചു.