മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ വ്യക്തിഗത സ്‌കോര്‍ 175 നില്‍ക്കേ ഡിക്ലയര്‍ ചെയ്യാമെന്നറിയിച്ചത് താന്‍ തന്നെയെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ.
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച ഫോമില്‍ കളിക്കുകയായിരുന്ന രവീന്ദ്ര ജഡേജ ഡബിള്‍ സെഞ്ചുറി അടിക്കുന്നതിന് മുമ്പായി ഇന്ത്യ ഇന്നിംഗ്സ് ഡിക്ളയര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെ പരിശീലകൻ രാഹുൽ ദ്രാവിഡിനെതിരെയും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കെതിരെയുമൊക്കെ വിമർശനങ്ങളുയർന്നു. എന്നാൽ, ഇതിനെയൊക്കെ തള്ളിയാണ് ജഡേജ രംഗത്തെത്തിയത്.
രവീന്ദ്ര ജഡേജ ഡബിള്‍ സെഞ്ചുറി നേടുന്നതില്‍ രോഹിതിനുള്ള അസൂയ കാരണമാണ് ഇന്നിംഗ്സ് ഡിക്ളയര്‍ ചെയ്തതെന്നും ജഡേജ തനിക്ക് ഭീഷണിയായി തുടങ്ങിയെന്ന് രോഹിത് മനസിലാക്കിയതിന്റെ സൂചനയാണിതെന്നുമുള്ള രീതികളിലാണ് ക്യാപ്ടനെതിരെയുള്ള ആക്ഷേപങ്ങള്‍. മുമ്ബ് ഒരിക്കല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 194 റണ്‍സ് എടുത്ത് നില്‍ക്കുന്നതിനിടെ രാഹുല്‍ ദ്രാവിഡ് ഇന്നിംഗ്സ് ഡിക്ളയര്‍ ചെയ്തിരുന്നു. ഈ സംഭവം സൂചിപ്പിച്ച് നിലവിലെ ടീം പരിശീലകനായ ദ്രാവിഡിനെതിരെയും ചിലര്‍ തിരിഞ്ഞിട്ടുണ്ട്. ടീമിനുള്ളില്‍ ഭിന്നിപ്പ് ഉണ്ടാക്കാനാണ് പരിശീലകന്റെ ശ്രമങ്ങളെന്നാണ് ചില ആരോപണങ്ങള്‍.
എന്നാല്‍ ഇവരുടെയെല്ലാം വായ അടപ്പിച്ച് കൊണ്ട് രവീന്ദ്ര ജഡേജ തന്നെ രംഗത്തെത്തി. താന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് രോഹിത് ഇന്നിംഗ്സ് ഡിക്ളയര്‍ ചെയ്തതെന്ന് ഇന്നത്തെ മത്സരത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ ജഡേജ വ്യക്തമാക്കി.
‘ഇരട്ട സെഞ്ചുറി നോട്ടമിടൂ, അതിന് ശേഷം ഡിക്ലയര്‍ ചെയ്യാം എന്നൊരു സന്ദേശം കുല്‍ദീപ് യാദവിലൂടെ രോഹിത് ശര്‍മ്മ അറിയിച്ചു. എന്നാല്‍ ആ നിര്‍ദേശത്തെ ഞാന്‍ എതിര്‍ത്തു”.
“ബൗൺസ് വ്യത്യസ്തമാണെന്നും പന്തുകൾ ടേൺ ചെയ്യുന്നുണ്ടെന്നും ഞാൻ പറഞ്ഞു. അവരെ ഇപ്പോൾ തന്നെ ബാറ്റിംഗിമയക്കണമെന്ന സന്ദേശം ഞാൻ നൽകി. അഞ്ച് സെഷനുകളായി ഫീൽഡ് ചെയ്ത് അവർ ആകെ തളർന്നിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടായേക്കും. അതുകൊണ്ട് വേഗം ഡിക്ലയർ ചെയ്ത് അവർ ബാറ്റിംഗിനു ക്ഷണിക്കുകയായിരുന്നു ലക്ഷ്യം.”- ജഡേജ പറഞ്ഞു.
മത്സരത്തിൽ 175 റൺസെടുത്ത് ജഡേജ പുറത്താവാതെ നിന്നു. താരത്തിൻ്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ ആയിരുന്നു ഇത്.
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഇന്ത്യയുടെ 574/8 എന്ന സ്കോറിനു മറുപടിയുമായി ഇറങ്ങിയ ലങ്ക രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 108 റൺസെന്ന നിലയിലാണ്. ഇന്ത്യക്കായി ആർ അശ്വിൻ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഒരോ വിക്കറ്റ് വീതം സ്വന്തമാക്കി. പാത്തും നിസ്സങ്ക (26), ചരിത് അസലങ്ക (1) എന്നിവരാണ് ക്രീസിൽ.