മോസ്കോ: റഷ്യയിൽ പട്ടാള നിയമം പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കു പിന്നാലെ അയൽരാജ്യമായ ഫിൻലൻഡിലേക്ക് കൂട്ടത്തോടെ രക്ഷപ്പെട്ട് നാട്ടുകാര്‍. യുക്രൈനിലെ സൈനിക നടപടിക്കെതിരെ റഷ്യയിൽ കനക്കുന്ന ജനകീയ പ്രക്ഷോഭത്തെ നേരിടാൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ കടുത്ത നടപടികൾക്കൊരുങ്ങുന്നതായാണ് റിപ്പോർട്ട്.
യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ അസംതൃപ്തരാണ് നാടുവിടുന്ന പലരുമെന്ന് ബി.ബി.സി റിപ്പോർട്ടിൽ പറയുന്നു.
”യുക്രൈൻ ജനത ഞങ്ങളുടെ ആൾക്കാരാണ്; ഞങ്ങളുടെ ബന്ധുക്കളാണ്. അവരെ നമ്മൾ കൊല്ലുന്നത് എങ്ങനെയാണ്?” അതിർത്തി കടക്കുന്നതിനിടെ ഒരു റഷ്യക്കാരി ബി.ബി.സിയോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഈ ഭീകരമായ ഭരണകൂടം തുടരുമ്പോൾ ഇനി നാട്ടിലേക്ക് മടങ്ങുന്ന കാര്യം ആലോചിക്കുന്നില്ലെന്നും അവർ പറയുന്നു. ഭൂരിഭാഗം റഷ്യക്കാരും യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ ജയിലിൽ പോകേണ്ടിവരുമെന്ന് ഭയന്നാണ് അവർ പുടിനെതിരെ പ്രതിഷേധിക്കാത്തതെന്നും അവർ കൂട്ടിച്ചേർത്തു.
സെന്റ് പീറ്റേഴ്‌സ്ബർഗിൽനിന്ന് ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിലേക്കുള്ള ട്രെയിനും ഇപ്പോഴും സർവീസ് നടത്തുന്നുണ്ട്. ഈ ട്രെയിനുകളിലും നിറയെ റഷ്യയിലെ സ്ഥിതിഗതികൾ ഭയന്ന് രക്ഷപ്പെടുന്നവരാണുള്ളത്. മിക്ക ട്രെയിനുകളിലും ടിക്കറ്റുകൾ നേരത്തെ തന്നെ ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ടിക്കറ്റ് വില കുത്തനെ ഉയരുകയും ചെയ്യുന്നുണ്ട്.
അതേസമയം, പട്ടാളനിയമം നടപ്പാക്കാൻ ആലോചിക്കുന്നില്ലെന്ന് പുടിൻ ഇന്ന് വ്യക്തമാക്കി. പുറത്തുനിന്നുള്ള ഇടപെടലുണ്ടായാൽ മാത്രമേ അത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നുള്ളൂവെന്നും പുടിൻ സൂചിപ്പിച്ചു.