കീവ്: വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ച് യുക്രൈന്‍ നഗരമായ മരിയുപോളില്‍ റഷ്യയുടെ രൂക്ഷ ഷെല്ലാക്രമണം. ജനങ്ങളെ കൂട്ടത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം തടസ്സപ്പെട്ടെന്ന് യുക്രൈന്‍ അധികൃതര്‍ അറിയിച്ചു. ആളുകളെ ഒഴിപ്പിക്കുന്നതിനായി ഒരു ഇടനാഴി നിലവില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ ബോംബാക്രമണം കാരണം ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
സിവിലിയന്മാരെ ഒഴിപ്പിക്കാനായി അഞ്ചു മണിക്കൂർ നേരത്തേക്ക് ഇന്ന് മരിയുപോളിലും വോൾനോവാഖയിലും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മരിയുപോൾ റഷ്യൻസൈന്യം വളഞ്ഞിരിക്കുകയാണ്. ഇതോടെ നഗരത്തിൽ രക്ഷാപ്രവർത്തനവും തടസപ്പെട്ടിരിക്കുകയാണ്.
മരിയുപോളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ട സാപ്രോഷ്യ നഗരത്തിനിടയിൽ പലയിടത്തും റഷ്യൻ ആക്രമണം തുടരുകയാണ്. ഷെല്ലിങ് നിർത്താത്ത ഇടത്ത് എങ്ങനെ ആളുകൾ പുറത്തിറങ്ങുമെന്ന് മരിയുപോൾ മേയർ ചോദിച്ചു. എന്നാൽ മാനുഷിക ഇടനാഴി സുരക്ഷിതമാണെന്നും ഒഴിപ്പിക്കൽ മനപ്പൂർവം തടസ്സപ്പെടുത്തുകയാണ് യുക്രൈനെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവ് കുറ്റപ്പെടുത്തി.
മരിയുപോളിലും വോള്‍നോവഹയിലും യുക്രൈന്‍ അധികൃതര്‍ ആളുകളെ ഒഴിഞ്ഞുപോകാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നു എന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നത്.
ദിവസങ്ങളായി റഷ്യൻ നിയന്ത്രണത്തിലുള്ള മരിയുപോളിൽ വൈദ്യുതി, കുടിവെള്ള ബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഭക്ഷണ വിതരണ, ഗതാഗത മാർഗങ്ങളും നിർത്തലാക്കിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
മരിയുപോളിനെ റഷ്യൻ ഉപരോധത്തിൽനിന്ന് രക്ഷിക്കാനുള്ള പരിഹാര നടപടികൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മേയർ വാദിം ബോയ്‌ചെങ്കോ പറഞ്ഞു. നിലവിൽ മാനുഷികമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് നോക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, ഖര്‍കോവില്‍ വിദേശ വിദ്യാര്‍ഥികളെയും യുക്രൈന്‍ സൈന്യം മനുഷ്യകവചമായി നിര്‍ത്തിയിരിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി ആരോപിച്ചു. ഇവിടെ 1500 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥകളടക്കം 1755 വിദേശികളെ യുക്രൈന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. സുമിയില്‍ നിന്ന് 20 പാകിസ്താനി വിദ്യാര്‍ഥികള്‍ റഷ്യന്‍ അതിര്‍ത്തിയിലേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ യുക്രൈന്‍ സൈന്യം അവരെ മര്‍ദിച്ചതായും റഷ്യ ആരോപിച്ചു.