ഒൻപത് ദിവസത്തിനിടെ 9,000 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രൈൻ. ബുധനാഴ്ച മാത്രം 5,400 റഷ്യൻ സൈനികർ കൊലപ്പെട്ടതായി യുക്രൈൻ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു.
എന്നാൽ 498 സൈനികർ കൊല്ലപ്പെട്ടു എന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പറയുന്നത്. റഷ്യൻ വാർത്താ ഏജൻസിയായ ആർഐഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുക്രൈൻ അധിനിവേശം ആരംഭിച്ചതിന് ശേഷം, ആദ്യമായാണ് റഷ്യയുടെ ഭാഗത്തുനിന്ന് സൈനിക നാശത്തിന്റെ കണക്ക് പുറത്തുവരുന്നത്.
251 റഷ്യൻ ടാങ്കുകളും 33 എയർക്രാഫ്റ്റുകളും 37 ഹെലികോപ്റ്ററുകളും യുക്രൈൻ സൈന്യം നശിപ്പിച്ചാതായി യുക്രൈൻ വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നു. റഷ്യയുടെ സുഖോയ് എസ് യു-25 യുദ്ധവിമാനവും തകർത്തതായി യുക്രൈൻ അവകാശപ്പെടുന്നു.
ജെറ്റുകൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രത്യാക്രമണമാണ് യുക്രൈൻ പ്രധാനമായും നടപ്പാക്കുന്നത്. യുദ്ധമുഖത്ത് സൈന്യത്തിനൊപ്പം പൗരൻമാരും അണിനിരക്കുന്നത് റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ യുക്രൈനെ സഹായിക്കുന്നതായി നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുദ്ധം ആരംഭിച്ചതുമുതൽ ഇതുവരെ 500ന് മുകളിൽ മിസൈലുകൾ യുക്രൈനിൽ റഷ്യ പ്രയോഗിച്ചതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
തങ്ങൾക്ക് സമ്പൂർണ വ്യോമ മേൽക്കോയ്മയുണ്ടെന്ന് റഷ്യ അവകാശപ്പെടുമ്പോഴും, കീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ശക്തമായ പ്രതിരോധമാണ് യുക്രൈൻ വ്യോമസേന നടത്തുന്നതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. റഷ്യൻ അധിനിവേശം ആരംഭിച്ച് ഒൻപത് ദിവസം കഴിഞ്ഞിട്ടും യുക്രൈൻ വ്യോമസേനയുടെ വിമാനങ്ങൾ പൂർണമായും തകർക്കാൻ സാധിച്ചിട്ടില്ല.
യുക്രൈൻ ആയുധങ്ങൾ എത്തിച്ചു നൽകാൻ നിരവധി രാജ്യങ്ങൾ രംഗത്തുവന്നതും ചെറുത്തുനിൽപ്പിന് ബലം പകർന്നിട്ടുണ്ട്. ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, ബെൽജിയം. പോർച്ചുഗൽ, നെതർലാന്റ്‌സ് എന്നീ രാജ്യങ്ങൾ സ്റ്റിങ്ങർ മിസൈലുകൾ ഉൾപ്പെടെ നൽകി സഹായിക്കുന്നുണ്ട്.