സിഡ്‌നി: ഇതിഹാസ ലെഗ് സ്പിന്നർ ഷെയ്ൻ വോൺ മരണത്തിന് തൊട്ടു മുൻപ് വരെ ടിവിൽ ക്രിക്കറ്റ് കളി കണ്ടിരിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബിസിനസ് മാനേജരുടെ വെളിപ്പെടുത്തൽ. വോൺ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും മാനേജർ പറയുന്നു.
സിഡ്‌നി മോർണിങ് ഹെറാൾഡിന് നൽകിയ അഭിമുഖത്തിലാണ് മാനേജർ വോണിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് പറഞ്ഞത്. ഹൃദയാഘാതം ഉണ്ടായ ഉടനെ അദ്ദേഹത്തിന് സിപിആർ നൽകിയിരുന്നുവെന്നും മാനേജർ പറയുന്നു.
‘വോൺ മദ്യപിച്ചിരുന്നില്ല. അദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം അത്താഴം കഴിക്കാനുള്ള പദ്ധതിയിട്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് ആൻഡ്രു നെഫ്യു, അടുത്തുതന്നെ റലീസ് ചെയ്യാനൊരുങ്ങുന്ന വോണിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ നിർമാതാവ് എന്നിവർക്കൊപ്പം അത്താഴം കഴിക്കാനായിരുന്നു തീരുമാനം.’
‘ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റാണ് അദ്ദേഹം ടെലിവിഷനിൽ കണ്ടുകൊണ്ടിരുന്നത്. തായ്‌ലൻഡിലെ ഖൊ സമുയിലുള്ള റിസോർട്ടിൽ അവധി ആഘോഷിക്കാനായി എത്തിയതാണ് വോൺ. സുഹൃത്തുക്കൾക്കൊപ്പം അത്താഴം കഴിച്ച് യുകെയിലേക്ക് പോകാനായിരുന്നു അദ്ദേഹം പദ്ധതിയിട്ടത്.’
‘വൈകീട്ട് അഞ്ച് മണിക്ക് നേരിൽ കാണാനായിരുന്നു തീരുമാനം. വോണിനെ കാണാനായി ആൻഡ്രു വന്ന സമയത്ത് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ വന്നതായി മനസിലാക്കി. അബോധാവസ്ഥയിലായ വോണിന് ആ സമയത്ത് കൃത്രിമ ശ്വാസം നൽകാനും സുഹൃത്ത് ശ്രമിച്ചിരുന്നു. 20 മിനിറ്റ് വൈകിയാണ് ആംബുലൻസ് എത്തിയത്. ഒരു മണിക്കൂർ കഴിയുമ്പോഴേക്കും അദ്ദേഹത്തിന്റെ മരണവും സംഭവിച്ചു’- മാനേജർ വെളിപ്പെടുത്തി.
വോൺ അമിതമായി മദ്യപിച്ചിരുന്നതായുള്ള അഭ്യൂഹങ്ങളെല്ലാം മാനേജർ തള്ളിക്കളഞ്ഞു. വോണിന് മദ്യപാനമോ മറ്റ് ലഹരി ഉപയോഗിക്കുന്ന ശീലമോ ഇല്ലെന്നും മാനേജർ പറയുന്നു. കൃത്യമായ ഭക്ഷണ നിയന്ത്രണം അടക്കമുള്ള ആളാണ് വോൺ. അദ്ദേഹം അവധി ആഘോഷിക്കാനായാണ് തായ്‌ലൻഡിൽ എത്തിയതെന്നും മാനേജർ ആവർത്തിച്ചു.