കീവ്: കാർകീവ് മേഖലയിലെ പീസോചിനിൽ കുടുങ്ങി കിടക്കുന്നവർക്കായി യുക്രൈനിലെ (Ukraine) ഇന്ത്യൻ എംബസിയുടെ (Indian Embassy) ഇടപെടൽ. കുടുങ്ങിക്കിടക്കുന്ന 298 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തുമെന്ന് എംബസി അറിയിച്ചു. ഇതിനായി പീസോചിനിലേക്ക് ബസ് പുറപ്പെട്ടതായും യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിദ്യാർത്ഥികളോട് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും മുൻകരുതലുകൾ എടുക്കാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ച് ബസുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും വൈകുന്നേരത്തോടെ കൂടുതൽ ബസുകൾ എത്തുമെന്നും വിദേശകാര്യ മന്ത്രാലയം ജോയിൻറ് സെക്രട്ടറി അറിയിച്ചു. രണ്ടായിരത്തിലേറെ ഇന്ത്യക്കാർ യുക്രൈനിൽ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കേന്ദ്രസർക്കാരിൻറെ കണക്ക്. പിസോച്ചിനിൽ ആയിരത്തോളം പേരും കാർകീവിൽ മുന്നൂറും സുമിയിൽ 700 പേരും കുടുങ്ങി കിടക്കുന്നതായാണ് വിദേശകാര്യ മന്താലയത്തിൻറെ അറിയിപ്പ്. അതേസമയം രക്ഷാപ്രവർത്തനത്തിന് പ്രത്യേക ട്രെയിനുകൾ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യുക്രൈൻ ഇനിയും അനുകൂലമായ പ്രതികരണം നടത്തിയിട്ടില്ല.
അതേസമയം എംബസിയിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നില്ലെന്ന് അറിയിച്ച് സുമി സ്റ്റേറ്റ് സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. കാൽനടയായി അതിർത്തിയിലേക്ക് നീങ്ങുമെന്നും വിദ്യാർത്ഥികൾ അറിയിച്ചു. ഓപ്പറേഷൻ ഗംഗയിലൂടെ ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 12000 കടന്നു. 24 മണിക്കൂറിനിടെ 629 പേരെയാണ് വ്യോമസേനാ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചത്. മലയാളി വിദ്യാർത്ഥികൾക്കായി ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്.