യുക്രെയ്നിൽ വ്യോമനിരോധന മേഖല അനുവദിക്കാത്തതിനെതിരെ രൂക്ഷവിമർശനവുമായി പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. ശനിയാഴ്ച രാത്രി നടത്തിയ അഭിസംബോധനയിൽ വികാരധീനനായാണ് സെലൻസ്കി പ്രതികരിച്ചത്. യുക്രൈനില്‍ നോ ഫ്‌ലൈ സോണ്‍ പ്രഖ്യാപിക്കണമെന്ന് വെള്ളിയാഴ്ച സെലന്‍സ്‌കി നാറ്റോയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് നാറ്റോ തയാറായിട്ടില്ല. നാറ്റോയുടെ നടപടി ബോംബ് വര്‍ഷിക്കാന്‍ പച്ചക്കൊടി കാണിക്കുന്ന നടപടിയെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി.
യുക്രെയ്നിൽ ഇനിയുണ്ടാവുന്ന ഓരോ മരണങ്ങളും നിങ്ങൾ മൂലമായിരിക്കും. നിങ്ങൾ ദുർബലരായതും നാറ്റോ അംഗരാജ്യങ്ങൾക്കിടയിൽ ഐക്യമില്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് സെലൻസ്കി പറഞ്ഞു. നേരത്തെ റഷ്യയുടെ ആക്രമണം ചെറുക്കാൻ യുക്രെയ്നിൽ വ്യോമനിരോധനമേഖല പ്രഖ്യാപിക്കണമെന്ന ആവശ്യം നാറ്റോ തള്ളിയിരുന്നു. ഇത്തരമൊരു നടപടി യുദ്ധം യുറോപ്പ് മുഴുവൻ വ്യാപിക്കാൻ ഇടയാക്കുമെന്നായിരുന്നു നാറ്റോയുടെ വിലയിരുത്തൽ.