മോസ്‌കോ: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ടെലിവിഷന്‍ ചാനലിലെ മുഴുവന്‍ ജീവനക്കാരും തത്സമയ സംപ്രേഷണത്തിനിടെ രാജിവെച്ചു. യുക്രൈനിലെ യുദ്ധമുഖത്തു നിന്നുള്ള ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയതോടെയാണ് രാജി.
റഷ്യയിലെ ടി.വി. റെയ്‌നിലെ ജീവനക്കാരാണ് രാജിയിലൂടെ യുക്രൈന് പിന്തുണ അറിയിച്ചത്. അവസാന ടെലികാസ്റ്റിൽ ‘നോ വാർ’ എന്ന് പ്രഖ്യാപിച്ച് രാജി സമർപ്പിച്ച ശേഷം ജീവനക്കാർ പുറത്തുപോകുകയായിരുന്നു. കൂട്ടരാജിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
https://www.youtube.com/watch?v=caOjy4XIrdI
ചാനലിൻ്റെ സഹ സ്ഥാപകയായ നതാലിയ സിൻഡെയേവയാണ് കൂട്ടരാജി ആരംഭിച്ചത്. ‘നോ വാർ’ എന്ന് പ്രഖ്യാപിച്ച് ഇവർ സ്റ്റുഡിയോയിൽ നിന്ന് പുറത്തേക്ക് നടക്കുന്നതിനു പിന്നാലെ മറ്റ് ജീവനക്കാരും ഇതേ പ്രഖ്യാപനത്തോടെ രാജിവെക്കുകയായിരുന്നു. തുടർന്ന്, അനിശ്ചിതകാലത്തേക്ക് പ്രവർത്തനങ്ങൾ നിർത്തുകയാണെന്ന് വാർത്താകുറിപ്പിൽ ചാനൽ അറിയിച്ചു.
തുടർന്ന് ചാനൽ ‘സ്വാൻ ലേക്’ ബാലെ വിഡിയോ സംപ്രേഷണം ചെയ്തു. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ റഷ്യൻ ചാനലുകളിൽ സംപ്രേഷണം ചെയ്ത വിഡിയോ ആയിരുന്നു അത്. യുക്രൈനുമായുള്ള യുദ്ധത്തിൻ്റെ കവറേജ് സംപ്രേഷണം നടത്തിയതുമായി ബന്ധപ്പെട്ട് റഷ്യൻ അധികൃതർ ചാനലിൻ്റെ പ്രവർത്തനം നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു രാജി.
റഷ്യയിലെ അവശേഷിച്ചിരുന്ന നിഷ്പക്ഷ മാധ്യമമായ എക്കോ മോസ്‌ക്വി (എക്കോ ഓഫ് മോസ്‌കോ) റേഡിയോ സ്റ്റേഷനും യുക്രൈനിലെ യുദ്ധ റിപ്പോര്‍ട്ടിങ്ങിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. റഷ്യയുടെ അധിനിവേശ വാര്‍ത്തകള്‍ക്ക് കടിഞ്ഞാണിട്ടതോടെ എക്കോ മോസ്‌ക്‌വിയുടെ ബോര്‍ഡ് പിരിച്ചുവിടുന്നതായി ചീഫ് എഡിറ്റര്‍ അലക്‌സി വെനെഡിക്‌റ്റോവ് വ്യാഴാഴ്ച്ച വ്യക്തമാക്കി.