കൊച്ചി: സിപിഐ എം സമ്മേളനത്തിന്റെ ഭാഗമായി ചെങ്കൊടി സ്ഥാപിച്ചതിനെതിരായ ഹൈക്കോടതി വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്കൊടി കാണുമ്പോള്‍ ഹാലിളകുന്നത് മാടമ്പിത്തരമാണെന്നും മാടമ്പിമാരെ എങ്ങനെയാണ് നേരിട്ടതെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും പിണറായി പറഞ്ഞു. സി.പി.എം. സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
“ചെങ്കൊടി ഏന്തിയവരാണ് ഈ നാട്ടിലെ ഭരണാധികാരികളായി വന്നത്. ആ ചെങ്കൊടിയോട് ഇപ്പോഴും ചിലര്‍ക്ക് വല്ലാത്ത അലര്‍ജിയാണ്. അവിടെ കൊടികാണുന്നു, ഇവിടെ കൊടികാണുന്നു എന്നൊക്കെ വല്ലാതെ ചോദ്യങ്ങള്‍ ചിലര്‍ ചോദിക്കുന്നതായി കാണുന്നു. അവരോട് ഒന്നേ പറയാനുള്ളൂ. ഇത് പണ്ട് മാടമ്പിമാര്‍ പലരും ചോദിച്ചതാണ്. ആ മാടമ്പിമാര്‍ക്ക് ഉത്തരം കൊടുത്തുകൊണ്ടാണ് ഈ പ്രസ്ഥാനം വളര്‍ന്നുവന്നത്. ആ മാടമ്പിമാരുടെ ഏതെങ്കിലും തരത്തിലുള്ള താങ്ങും തണലും കൊണ്ട് വളര്‍ന്നുവന്ന പ്രസ്ഥാനമല്ല ഇത്. അത് മനസ്സിലാക്കുന്നത് നല്ലതാണ്. ചോപ്പു കാണുമ്പോള്‍ ഹാലിളകുന്ന കാളയുടെ അവസ്ഥയിലേക്ക് മാറുന്നത് ഗുണകരമല്ല എന്നത് അത്തരം ആളുകളും ശക്തികളും മനസ്സിലാക്കുന്നത് നല്ലതാണ്”- പിണറായി പറഞ്ഞു.
ആദ്യമായി കേരളത്തില്‍ അധികാരത്തിലേറുമ്പോള്‍ സര്‍ക്കാരിന് മുന്നില്‍ മുന്‍മാതൃകകളൊന്നും ഇല്ലായിരുന്നു. ഇന്ന് കാണുന്ന കേരളത്തിനെ രൂപപ്പെടുത്തിയത് ആ സര്‍ക്കാരാണ്. കേരള മോഡല്‍ എന്ന് ലോകം തന്നെ വാഴ്ത്തുന്ന രീതിയിലേക്ക് ഉയരാന്‍ സാധിച്ചു. എന്നാല്‍ ഈ വികസന നേട്ടങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് മാറിവന്ന വലതുപക്ഷ സര്‍ക്കാരുകള്‍ നടത്തിവന്നത്. ഇതിനെ പരമാവധി ചെറുക്കാന്‍ അധികാരമില്ലാത്ത സമയത്തും കേരളത്തിലെ ഇടതുപക്ഷം ശ്രമിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള മോഡലിനെ ലോകം വാഴ്ത്തിയെങ്കിലും ഇതില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് ഇ എം എസ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓരോ മേഖലയിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരേണ്ടത് അത്യാവശ്യമാണ്. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരണം. വിജ്ഞാന സമൂഹമാക്കി കേരളത്തെ മാറ്റാന്‍ ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സി.പി.എം. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാതയോരത്ത് കൊടിതോരണങ്ങള്‍ കെട്ടിയതില്‍ സി.പി.എമ്മിനെതിരെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പരസ്യമായി ലംഘിക്കുകയാണെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അനധികൃത കൊടിമരങ്ങൾ സ്ഥാപിച്ചവർക്കെതിരെ പിഴചുമത്തുമെന്നും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഭൂപരിഷ്‌കരണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കുമെന്നായിരുന്നു ഉത്തരവ്. റോഡിലോ, പൊതു സ്ഥലത്തോ കൊടിമരമോ മറ്റോ സ്ഥാപിക്കണമെങ്കിൽ തദ്ദേശഭരണ സ്ഥാപനത്തിൽ നിന്നോ മറ്റ് അധികാരപ്പെട്ടവരിൽ നിന്നോ അനുമതി വാങ്ങണമെന്നും കോടതി നിർദേശിച്ചിരുന്നു.