കെയ്‌റോ: റഷ്യ- യുക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് സൗദി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ചത്.
മുഹമ്മദ് ബിന്‍ സല്‍മാന്‍ ‘രാഷ്ട്രീയ പരിഹാരത്തിന്’ ആഹ്വാനം ചെയ്യുകയും എണ്ണ വിപണിയിൽ സ്ഥിരത കൈവരിക്കാൻ റഷ്യ ഉൾപ്പെടുന്ന എണ്ണ ഉൽപ്പാദകരുടെ ഒപെക് ഗ്രൂപ്പിന് പിന്തുണ നൽകുകയും ചെയ്തു.
യുദ്ധത്തിന്റെ അവസാനത്തിലേക്ക് നയിക്കുകയും സുരക്ഷയും സ്ഥിരതയും കൈവരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങൾക്കുള്ള രാജ്യത്തിന്റെ… പിന്തുണയെ കുറിച്ച് കിരീടാവകാശി വിശദീകരിച്ചു, കൂടാതെ എല്ലാ കക്ഷികൾക്കിടയിലും മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങൾ നടത്താൻ രാജ്യം തയ്യാറാണ് എന്ന് അറിയിക്കുകയും ചെയ്തു- ഔദ്യോഗിക സൗദി പ്രസ് ഏജൻസി (എസ്പിഎ) പറഞ്ഞു.
സൗദി അറേബ്യയിലുള്ള യുക്രെയ്നിയന്‍ സന്ദര്‍ശകര്‍, ടൂറിസ്റ്റുകള്‍, തൊഴിലാളികള്‍ എന്നിവരുടെ വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുമെന്ന് പ്രസിഡന്റ് സെലന്‍സ്‌കിയെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു.