കിയവ്: റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിലുള്ള യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് തീപിടിച്ചു. സപറോഷിയ ന്യൂക്ലിയർ പവർ പ്ലാന്റിന് നേരെയാണ് റഷ്യൻ ആക്രമണം ഉണ്ടായത്.അഗ്നിശമന സേനാംഗങ്ങൾക്ക് ആണവനിലയത്തിന് അടുത്തേക്ക് എത്താൻ കഴിയുന്നില്ല. സാപ്രോഷ്യയിലെ സാഹചര്യം വിലയിരുത്തുകയാണ് അന്താരാഷ്ട്ര ആണവോർജ എജൻസി.
ആണവനിലയം വളഞ്ഞ് റഷ്യൻ സേന വെടിയുതിർക്കുകയാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. ആണവനിലയം തകരുകയാണെങ്കിൽ ചെർണോബിലിനേക്കാൾ പത്തിരട്ടി ആഘാതമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണ് സാപ്രോഷ്യ. ഇവിടെയുണ്ടാകുന്ന ആക്രമണം 1986 ലെ ചെർണോബൈൽ ദുരന്തത്തേക്കാൾ ഭീകരമായിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.