തിരുവനന്തപുരം;സ്ത്രീധനത്തിനെതിരായും സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾക്കെതിരെയും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഒരുക്കുന്ന സ്ത്രീശക്തി കലാജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് രാവിലെ 9.30ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. മറ്റ് ജില്ലകളിൽ അന്നേ ദിവസം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിക്കും.
സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സ്ത്രീധനത്തിനെതിരായ സന്ദേശം സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും എത്തിക്കുക എന്നതാണ് കലാജാഥയുടെ മുഖ്യ ലക്ഷ്യം. സ്ത്രീധനം, സ്ത്രീപീഡനം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള നാടകങ്ങളും സംഗീതശിൽപ്പങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.സ്ത്രീശക്തി കലാജാഥയുടെ ഭാഗമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 12 കലാകാരികളെ വീതം ഉൾപ്പെടുത്തി 14 കലാജാഥാ ട്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്.
14 ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത 42 കലാകാരികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്ത്രീശക്തി കലാജാഥ നാടകക്കളരിയുടെ ഒന്നും രണ്ടും ഘട്ട പരിശീലനം പൂർത്തിയാക്കിയിരുന്നു.
തിരുവനന്തപുരം മൺവിള അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ആദ്യഘട്ട പരിശീലനം രണ്ടാം ഘട്ട പരിശീലനം തൃശൂർ കിലയിലായിരുന്നു. ഓരോ ജില്ലയിൽ നിന്നും മൂന്നു പേർ വീതമാണ് ക്യാമ്പിൽ പങ്കെടുത്തത്.ക്യാമ്പിൽ പങ്കെടുത്ത 42 വനിതകൾ മുഖേനയാണ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ചു കൊണ്ട് ജില്ലാ കലാജാഥാംഗങ്ങൾക്ക് പരിശീലനം നൽകിയത്. ആകെ 168 വനിതകൾ നാടകപരിശീലനത്തിൽ പങ്കാളികളായതെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീപക്ഷ നവകേരളത്തിന്റെ പ്രസക്തി ഉയർത്തിക്കാട്ടുന്ന വിധത്തിലാണ് സ്ത്രീശക്തി കലാ ജാഥയിലെ മൂന്ന് നാടകവും രണ്ട് സംഗീതശിൽപ്പവും രൂപകൽപ്പന ചെയ്തിതിട്ടുള്ളത്. പരിശീലന ക്യാമ്പ് ഡയറക്ടർ കൂടിയായ കരിവെള്ളൂർ മുരളി രചിച്ച ‘പാടുക ജീവിത ഗാഥകൾ’ എന്ന സംഗീത ശിൽപ്പത്തോടെയാണ് കലാജാഥകളുടെ അവതരണം ആരംഭിക്കുക. അടുക്കളയിൽ ചിറകറ്റ് വീഴുന്ന പെൺ സ്വപ്നങ്ങൾ ഇതിൽ വിഷയമാവുന്നുണ്ട്.
സ്ത്രീകൾ അവരുടെ സ്വാതന്ത്ര്യത്തിന്റെയും സർഗ്ഗാത്മകതയുടെയും തുറസ്സുകളിലേക്ക് ഉണരണമെന്ന ആഹ്വാനമാണ് സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായുള്ള സ്ത്രീശക്തി കലാജാഥാ ക്യാമ്പയിനിലൂടെ ഉയർത്തുന്നത്.
മാർച്ച് എട്ട് മുതൽ പതിനെട്ട് വരെ എല്ലാ ജില്ലകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്ത്രീശക്തി കലാജാഥ പര്യടനം നടത്തും. ഓരോ ജില്ലയിലും ദിവസവും നാല് വേദികളിലാണ് നാടകം അവതരിപ്പിക്കുക. ക്യാമ്പസ്സുകൾ ഉൾപ്പെടെയുള്ള വേദികളിൽ സ്ത്രീപക്ഷ നവകേരളത്തിന്റെ സന്ദേശം എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.