ന്യൂഡൽഹി: കേന്ദ്രസർക്കാരിനോടുള്ള നീരസം പ്രകടമാക്കി ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രൈനിൽ നിന്ന് രക്ഷപ്പെട്ട് എത്തിയ വിദ്യാർഥികള്. വിദ്യാർഥികളെ സൈനിക വിമാനത്തിൽ കയറ്റിയിരുത്തിയ ശേഷം പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് മുദ്രാവാക്യങ്ങൾ വിളിച്ചു കൊടുക്കുകയായിരുന്നു. ഭാരത് മാതാ കീ എന്ന് പറഞ്ഞപ്പോൾ ഉറക്കെ ജയ് വിളിച്ച വിദ്യാർഥികൾ ‘മനന്യ മോദിജീ’ എന്ന് പറഞ്ഞപ്പോൾ മൌനം പാലിച്ചു. പിന്നീട് ഭാരത് മാതാ കീ എന്ന് പറഞ്ഞപ്പോൾ അവർ ജയ് വിളിക്കുകയും ചെയ്തു. വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ട ഈ വീഡിയോ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
“Your Life has been saved by the grace of Modi ji everything will be fine.”
“Jeevan Bach Gaya hai Modi ji ki kripa se sab theek hoga…. Bharat Mata ki (Jai), Mananiya Modi Ji Zindabad! Mananiya Modi Ji Zindabad!” – MoS Defence Ajay Bhatt pic.twitter.com/nfxMLmc1Hl
— Mohammed Zubair (@zoo_bear) March 3, 2022
നേരത്തെ യുക്രെയ്നിൽനിന്നും രക്ഷപെട്ട് ഡൽഹിയിൽ വിമാനം ഇറങ്ങിയ വിദ്യാർഥിനിക്ക് ഇന്ത്യൻ അധികൃതർ പൂവ് നൽകിയത് നിരസിച്ചതും വാർത്തയായിരുന്നു. വിദ്യാർഥികളെ രക്ഷിക്കാൻ സമയോജിത ഇടപെടൽ നടത്താതെ തിരിച്ചെത്തുമ്പോൾ പൂവ് നൽകി സ്വീകരിച്ചിട്ട് എന്താണ് കാര്യമെന്ന് ബിഹാറിൽ നിന്നുള്ള ദിവ്യാംശു സിംഗ് ചോദിച്ചു. ഹംഗറി അതിർത്തി കടന്ന് ബുഡാപെസ്റ്റിൽ നിന്നും വിമാനം കയറിയാണ് ദിവ്യാംശു അടക്കമുള്ള വിദ്യാർഥികൾ ഡൽഹിയിൽ മടങ്ങിയെത്തിയത്.
അതിർത്തി കടന്ന് ഹംഗറിയിൽ എത്തിയപ്പോഴാണ് എന്തെങ്കിലും സഹായം ലഭിച്ചതെന്ന് ദിവ്യംശു പറഞ്ഞു. അതിനു മുമ്പ് ഒരു സഹായവും ലഭിച്ചിട്ടില്ല. ഞങ്ങൾ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം സ്വന്തം നിലയ്ക്കാണ്. കൃത്യ സമയത്ത് നടപടിയെടുത്തിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ നേരിടേണ്ടി വരില്ലായിരുന്നുവെന്നും ദിവ്യാംശു പറഞ്ഞു.
വിദ്യാർഥികൾക്ക് ഭക്ഷണം ഒരുക്കിയത് താനാണ് താങ്കളല്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് റൊമാനിയൻ മേയർ പറയുന്ന വീഡിയോയും വൈറലായിരുന്നു. യുക്രൈനിൽനിന്ന് ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ബുക്കറെസ്റ്റിലെത്തിയ കേന്ദ്രമന്ത്രിയെ റൊമാനിയൻ മേയർ നിർത്തിപ്പൊരിക്കുകയായിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് റൊമാനിയൻ നഗരത്തിലെ മേയറിൽനിന്ന് രൂക്ഷവിമർശനം നേരിട്ടത്. യുക്രൈനിൽനിന്നെത്തിയവർക്കായി ഒരുക്കിയ ദുരിതാശ്വാസ ക്യാംപിൽ ഇന്ത്യൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സിന്ധ്യ. ഇതിനിടയിലാണ് മേയർ ഇടപെട്ടത്. മറ്റ് വിഷയങ്ങൾ സംസാരിക്കാതെ എപ്പോൾ നാട്ടിലേക്ക് തിരിക്കുമെന്ന കാര്യം വിശദീകരിക്കൂവെന്ന് ആവശ്യപ്പെട്ടു മേയർ.
ഇതോടെ സിന്ധ്യ മേയറോട് ദേഷ്യപ്പെട്ടു. താനെന്ത് സംസാരിക്കണമെന്ന കാര്യം താങ്കൾ നിർദേശിക്കേണ്ടെന്നും അക്കാര്യം താൻ തന്നെ തീരുമാനിച്ചോളാമെന്നും സിന്ധ്യ വ്യക്തമാക്കി. ഇതോടെയാണ് മേയർ നിയന്ത്രണംവിട്ട് കയർത്തത്. വിദ്യാർത്ഥികൾ കണ്ടുനിൽക്കെ രൂക്ഷസ്വരത്തിലായിരുന്നു മേയറുടെ മറുപടി.
”ഇവർക്ക് അഭയമൊരുക്കുകയും ഭക്ഷണം എത്തിച്ചുനൽകുകയും ചെയ്തത് ഞാനാണ്. നിങ്ങളല്ല..” ഇതായിരുന്നു മന്ത്രിക്ക് മേയറുടെ മറുപടി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയിൽ മേയറുടെ പ്രതികരണം വിദ്യാർത്ഥികൾ കൈയടിച്ചു സ്വീകരിക്കുന്നതും കാണാം.