ഫത്തോര്‍ദ: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന നിര്‍ണായക മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സിയെ തകര്‍ത്ത് എ.ടി.കെ മോഹന്‍ ബഗാന്‍ സെമി ഫൈനലില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് മോഹന്‍ ബഗാന്റെ വിജയം. റോയ് കൃഷ്ണയാണ് ടീമിനായി വിജയഗോള്‍ നേടിയത്.
ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമിലാണ് ഗോള്‍ പിറന്നത്. ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ബോക്‌സിനകത്തേക്ക് കൗകോ നീട്ടിനല്‍കിയ പാസ് സ്വീകരിച്ച റോയ് കൃഷ്ണ മികച്ച ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. സമനില ഗോള്‍ നേടാനായി പരിശ്രമിച്ചെങ്കിലും ചെന്നൈയിന് അത് സാധിച്ചില്ല.
ഈ വിജയത്തോടെ മോഹന്‍ബഗാന്‍ പോയന്റ് പട്ടികയില്‍ ഹൈദരാബാദിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 19 മത്സരങ്ങളില്‍ നിന്ന് 37 പോയന്റാണ് ടീമിനുള്ളത്. അടുത്ത മത്സരത്തില്‍ തോറ്റാല്‍ പോലും മോഹന്‍ ബഗാന്‍ സെമിയിലെത്തും. 18 മത്സരങ്ങളില്‍ നിന്ന് 37 പോയന്റുള്ള ജംഷേദ്പുരാണ് പട്ടികയില്‍ ഒന്നാമത്.