കീവ്: യുക്രെയ്നിൽ റഷ്യയുടെ ആക്രമണം തുടരുന്നതിനിടെ ബ്രെസ്റ്റിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിലുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ച തുടങ്ങി. വെടിനിർത്തലാണ് ചർച്ചയിലെ മുഖ്യ അജണ്ടയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ ഉപദേഷ്ടാവ് പറഞ്ഞു. ചർച്ചയിൽ സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു.
യുദ്ധ സാഹചര്യത്തിന് അവർ അറുതി വരുത്തുമെന്നും ഡോൺബാസിൽ സമാധാനം പുനഃസ്ഥാപിക്കുമെന്നും യുക്രെയ്നിലെ എല്ലാ ആളുകളെയും സമാധാനപരമായ ജീവിതത്തിലേക്ക് മടങ്ങാൻ ഈ ചർച്ചകൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്വീറ്റിൽ റഷ്യ പറയുന്നു.
രണ്ടു ദിവസം മുന്‍പ് ബെലറൂസില്‍ നടന്ന റഷ്യ-യുക്രൈന് സമാധാന ചര്‍ച്ച ഫലംകണ്ടിരുന്നില്ല. യുദ്ധഭൂമിയില്‍നിന്ന് നാട്ടുകാര്‍ക്ക് രക്ഷപ്പെടാനായി മാനുഷിക ഇടനാഴി സ്ഥാപിക്കുന്ന കാര്യമായിരിക്കും ആദ്യം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും യുക്രൈന് സംഘത്തിലുള്ള ഡെവിഡ് അരാഖമിയ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഇതിനുശേഷമായിരിക്കും വെടിനിര്‍ത്തല്‍, സേനാപിന്മാറ്റം അടക്കമുള്ള വിഷയങ്ങളിലേക്ക് യുക്രൈന് കടക്കുക.
അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം, റഷ്യന്‍സേന പൂര്‍ണമായി യുക്രൈനില്‍നിന്ന് പിന്മാറണം എന്നീ രണ്ട് ആവശ്യങ്ങളായിരുന്നു യുക്രൈന് മുന്നോട്ടുവച്ചിരുന്നത്. ഇക്കാര്യം അംഗീകരിക്കാന്‍ റഷ്യന്‍സംഘം തയാറാകാതിരുന്നതോടെയാണ് ആദ്യഘട്ട ചര്‍ച്ച ഫലമില്ലാതെ പിരിഞ്ഞത്.
അതേസമയം, യുക്രൈനിലെ റഷ്യയുടേയും റഷ്യന്‍ പൗരന്മാരുടേയും സ്വത്തുക്കല്‍ കണ്ടുകെട്ടും. സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അധികാരം നല്കുന്ന നിയമത്തിന് യുക്രൈന് പാര്‍ലമെന്റിന്റെ അനുമതി നല്കി.
യുക്രെയ്ൻ ചർച്ച വൈകിപ്പിക്കുകയാണെന്ന് റഷ്യ നേരത്തെ ആരോപിച്ചിരുന്നു. ചർച്ചകൾ വൈകിപ്പിക്കാൻ കീവ് നടത്തുന്ന ഏതൊരു ശ്രമവും മോസ്കോ യുടെ ആവശ്യങ്ങളുടെ പട്ടിക വർധിപ്പിക്കുന്നതിന് കാരണമാകുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു.