ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് കയര്‍ത്ത് റൊമാനിയന്‍ സിറ്റി മേയര്‍. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കുന്നതിനായി റൊമാനിയയിലെത്തിയപ്പോഴാണ് മേയര്‍ സിന്ധ്യയോട് കയര്‍ത്തത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റൊമാനിയൻ നഗരത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ ഒരു കൂട്ടം ഇന്ത്യൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്ന സിന്ധ്യയെ വീഡിയോയിൽ കാണാം. അപ്പോള്‍ മേയർ അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്തുകയും, ‘അവർ(വിദ്യാര്‍ഥികള്‍) വീട്ടിൽ എത്തിയിട്ട് കാര്യങ്ങള്‍ അവരോട് വിശദീകരിക്കുക’, എന്ന് പറയുകയും ചെയ്തു.
“ഞാൻ എന്താണ് സംസാരിക്കേണ്ടതെന്ന് ഞാൻ തീരുമാനിക്കട്ടെ….ദയവായി അവിടെ നിൽക്കൂ”, എന്ന് സിന്ധ്യ മറുപടി നല്‍കി.
ഈ സമയത്താണ് നിയന്ത്രണം നഷ്ടപ്പെട്ട് മേയർ മന്ത്രിയോട് കയര്‍ത്തത്.
“അവര്‍ (വിദ്യാര്‍ത്ഥികള്‍) ഈ രാജ്യം വിടുമ്പോള്‍ നിങ്ങള്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കണം. ഞാനാണ് അവര്‍ക്ക് പാർപ്പിടം നല്‍കിയത്. ഞാനാണവര്‍ക്ക് ഭക്ഷണം നല്‍കിയത്. ഇതുകൂടാതെ ഞാനാണ് അവരെ വേണ്ട സമയത്ത് സഹായിച്ചത്,നിങ്ങളല്ല” എന്നു പുറഞ്ഞുകൊണ്ടായിരുന്നു മേയര്‍ സിന്ധ്യയോട് കയര്‍ത്തത്.
മേയര്‍ പറഞ്ഞതുകേട്ട് സന്തോഷത്തോടെ കയ്യടിക്കുന്ന വിദ്യാര്‍ത്ഥികളെയും വീഡിയോയില്‍ കാണാം.
Romanian Mayor exposes Indian Govt’s PR stunts.
Romanian Mayor to Union Minister Scindia – “I provide the shelter, I provide the food and I helped them”. Rebuking the minister from using it as PR for the help Romania provided. Even students are clapping. #OperationGanga pic.twitter.com/FGTP12CMLB
— Drunk Journalist (@drunkJournalist) March 3, 2022
കോണ്‍ഗ്രസ് അനുകൂല ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
‘ബി.ജെ.പിയുടെ സ്ഥിരം പി.ആര്‍ പരിപാടിയും കൊണ്ട് റൊമാനിയലെത്തിയപ്പോള്‍ അവിടുത്തെ മേയര്‍ തള്ള് മുഴുവന്‍ പൊളിച്ചു കൊടുത്തു’ എന്ന തരത്തിലാണ് കോണ്‍ഗ്രസ് അനുകൂല ഹാന്‍ഡിലുകള്‍ വീഡിയോ പ്രചരിപ്പിക്കുന്നത്.
അതേസമയം, റൊമേനിയയില്‍ നിന്ന് വ്യോമസേനയുടെ ആദ്യവിമാനം ഇന്ത്യയിലെത്തിയരുന്നു. വ്യോമസേനയുടെ സി-17വിമാനമാണ് എത്തിയത്. ഇരുന്നൂറോളം പേരെയാണ് ആദ്യവിമാനത്തില്‍ എത്തിച്ചത്. പോളണ്ട്, ഹംഗറി എന്നിവിടങ്ങളിലേക്ക് പോയ രണ്ട് സി-17 വിമാനങ്ങളും എത്തിയിരുന്നു.