തിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്റ്റേഷനിൽ വച്ച് പ്രതി മരിച്ചതിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് മർദ്ദനത്തെ തുടര്‍ന്നാണ് മരണമുണ്ടായത് എന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കിയത്. നിലവിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
ദമ്പതികളെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്ത സുരേഷാണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രതി മരിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ഞായറാഴ്ച വൈകുന്നേരം ആക്രമിച്ചതിനാണ് മരിച്ച സുരേഷ് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സുരേഷ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് മർദ്ദനമാണ് മരണ കാരണമെന്ന് നാട്ടുകാർ ആരോപിച്ചതോടെ സബ് കളക്ടറുടെയും മജിസ്ട്രേറ്റിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയിരുന്നു.
സുരേഷിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്നംഗ ഫൊറൻസിക് ഡോക്ടർമാരുടെ സംഘം പോസ്റ്റുമോർട്ടം നടത്തി. ഹൃദയാഘാതമാണ് മരണകാരണമെങ്കിലും ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്ന വ്യകത്മാകാൻ കൂടുതൽ ശാത്രീയ പരിശോധന ഫലങ്ങള്‍ വരേണ്ടതുണ്ടെന്ന് ഡോക്ടർമാരുടെ നിലപാട്. മർദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോർട്ടെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറും.

















