ന്യൂഡല്‍ഹി: യുക്രൈനിൽ നിന്ന് 30 വിമാനങ്ങളിലായി 6400 ഇന്ത്യന്‍ പൗരന്മാര്‍ തിരികെയെത്തിയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. 18000 ഇന്ത്യക്കാരാണ് ഇതുവരെ യുക്രൈൻ വിട്ടത്. ആയിരത്തോളം ഇന്ത്യൻ പൗരന്മാർ ഇന്നലെ ഖാർകീവ് വിട്ടെന്നും അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറൻ അതിർത്തി കടക്കാൻ കാത്ത് നിൽക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ 18 വിമാനങ്ങൾ കൂടി സർവീസ് നടത്തുമെന്നും ബാഗ്ചി വ്യക്തമാക്കി. നൂറ് കണക്കിന് വിദ്യാർഥികൾ ഇപ്പോഴും സുമിയിൽ കുടുങ്ങികിടക്കുന്നതായും അദ്ദേഹം അറിയിച്ചു.
സുമിയിലും ഖാർകീവിലും കുടുങ്ങിയ വിദ്യാർഥികളെ റഷ്യയുടെ സഹായത്തോടെ തിരികെയെത്തിക്കാനുള്ള ശ്രമമാണ് വിദേശകാര്യമന്ത്രാലയം നടത്തുന്നത്. ഹാർകീവ് വിട്ട് പിസോചിനിൽ എത്തിയവർ ഒഴികെയുള്ള എല്ലാവരുടെയും വിവരങ്ങൾ തേടി വിദേശകാര്യമന്ത്രാലയം ഗൂഗിൾ ഫോം പുറത്തുവിട്ടു. യുക്രൈൻ ഇന്ത്യൻ എംബസിയുടെ ട്വിറ്റർ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലെ ഹാൻഡിലുകളിൽ ഈ ഗൂഗിൾ ഫോം ലിങ്ക് ലഭ്യമാണ്. ഉടനടി ഹാർകീവ് വിട്ട് എത്തിയവർ എല്ലാവരും ഈ ലിങ്കിൽ കയറി റജിസ്റ്റർ ചെയ്യണം എന്നാണ് വിദേശകാര്യമന്ത്രാലയവക്താവ് അരിന്ദം ബാഗ്ചി അറിയിച്ചത്.
ആദ്യഘട്ടത്തിൽ യുക്രൈനിലുള്ള ഇരുപതിനായിരം ഇന്ത്യക്കാരാണ് റജിസ്റ്റർ ചെയ്തതെന്നും, എന്നാൽ റജിസ്ട്രേഷൻ നടത്താൻ ഇനിയും ധാരാളം പേരുണ്ടെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കുന്നു. ഹാർകീവിൽ ഇനിയും നൂറുകണക്കിന് ഇന്ത്യക്കാർ ബാക്കിയുണ്ടെന്നാണ് കണക്കുകൂട്ടൽ. സുരക്ഷിതമായി കുട്ടികളെ ഏതെങ്കിലും ഗതാഗതമാർഗമുപയോഗിച്ച് തിരിച്ചെത്തിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും വിദേശകാര്യമന്ത്രാലയം പറയുന്നു.