ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടെ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തുമെന്ന് കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ 18 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
18,000 ഇന്ത്യൻ പൗരന്മാർ യുക്രെയ്ൻ വിട്ടു. ഓപ്പറേഷൻ ഗംഗയുടെ കീഴിലുള്ള 30 വിമാനങ്ങൾ ഇതുവരെ 6,400 ഇന്ത്യക്കാരെ യുക്രെയ്നിൽനിന്ന് തിരികെ കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എത്ര പേർ കുടുങ്ങി കിടക്കുന്നുണ്ടെന്ന കാര്യത്തിൽ കേന്ദ്രത്തിന് വ്യക്തമായ കണക്കില്ല. നൂറുകണക്കിന് പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കേന്ദ്രം പറയുന്നത്. അടുത്ത 2-3 ദിവസത്തിനുള്ളിൽ ധാരാളം ഇന്ത്യക്കാർ നാട്ടിലെത്തുമെന്നും അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.