ഡൽഹി:കേന്ദ്രത്തിനെതിരെ വിമർശനവുമായി യുക്രെയ്നിൽ നിന്നും ഇന്ത്യയിൽ എത്തിയ വിദ്യാർഥി. ബിഹാർ സ്വദേശി ദിവ്യാൻഷു സിങ്ങാണ് കേന്ദ്രത്തിനെതിരെ വിമർശനം ഉയർത്തിയത്. ഇന്ത്യയിലെത്തിയതിന് ശേഷം തങ്ങൾക്ക് റോസാപൂവ് നൽകിയത് കൊണ്ട് ഒരു കാര്യമില്ലെന്ന് ദിവ്യാൻഷു വിമർശിച്ചു.
ഹംഗറി അതിർത്തി കടന്നതിന് ശേഷമാണ് ഞങ്ങൾക്ക് സഹായം ലഭിച്ചത്. അതിന് മുമ്പ് ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്ന് ഒരു സഹായവും ലഭിച്ചിരുന്നില്ലെന്ന് വിദ്യാർഥി കുറ്റപ്പെടുത്തി. ഞങ്ങൾ സ്വന്തമായി പരിശ്രമിച്ചാണ് അതിർത്തിയിലേക്ക് വന്നത്. പത്ത് പേരുടെ സംഘമായി ചേർന്നായിരുന്നു അതിർത്തിയിലേക്ക് ഞങ്ങൾ യാത്ര തിരിച്ചത്.
ഒരാളും മോശമായി പെരുമാറിയില്ല. പക്ഷെ ചില വിദ്യാർഥികൾക്ക് പോളണ്ട് അതിർത്തിയിൽ മോശം അനുഭവം ഉണ്ടായി. അതിന് ഉത്തരവാദി കേന്ദ്രസർക്കാറാണ്. സർക്കാർ കൃത്യസമയത്ത് ഇടപ്പെട്ടിരുന്നുവെങ്കിൽ ഇത്തരമൊരു സാഹചര്യമുണ്ടാവില്ലായിരുന്നുവെന്നും വിദ്യാർഥി രൂക്ഷമായി വിമർശിച്ചു.