തിരുവനന്തപുരം: ഹൈക്കമാൻഡ് ഇടപെട്ട് പുന:സംഘടന നിർത്തിയതിനെ ചൊല്ലി സംസ്ഥാന കോൺഗ്രസ്സിൽ ഉണ്ടായ പ്രതിസന്ധി തീർക്കാൻ സമവായ നീക്കങ്ങൾ സജീവം. കെ.സുധാകരനും വിഡി സതീശനും തമ്മിൽ നാളെ ചർച്ച നടത്തും. അതിനിടെ കെസി വേണുഗോപാൽ – വിഡി സതീശൻ ചേരിക്കെതിരെ കെ.സുധാകരനൊപ്പം കൈകോർത്ത് ചെന്നിത്തലയും മുരളീധരനും. പരാതിയുടെ പേരിൽ പുന:സംഘടന നിർത്തിയതിനെ ചെന്നിത്തല പരിഹസിച്ചപ്പോൾ എംപിമാർ പരാതി നൽകിയതായി അറിയില്ലെന്നായിരുന്നു മുരളീധരൻ പ്രതികരണം അറിയിച്ചത്. പരാതികൾ തീർക്കണമെന്ന് എ ഗ്രൂപ്പ് നിലപാടെടുത്തത് സതീശന് ആശ്വാസമായി.
ഡിസിസി പുനസംഘടന നിർത്തിവെച്ചതിൽ ക്ഷുഭിതനായി സ്ഥാനമൊഴിയാൻ വരെ തയ്യാറാണെന്ന് കടുപ്പിച്ച കെപിസിസി പ്രസിഡണ്ടുമായി സതീശൻ അനുകൂലികൾ ഇന്നലെ മുതൽ ചർച്ചയിലാണ്. എ.പി അനിൽകുമാർ അടക്കം സതീശനെ പിന്തുണക്കുന്ന നേതാക്കളും സുധാകരനും തമ്മിൽ കരട് പട്ടികയിന്മേൽ കൂടിയാലോചന തുടരുകയാണ്.