കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ‘പട’യുടെ ട്രെയിലർ പുറത്ത്. കെ.എം. കമൽ സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോർ എന്റർടെയ്ൻമെൻറ്, എ.വി.എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ. മെഹ്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്നു.
വലിയൊരു താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രകാശ് രാജ്, സലിം കുമാർ, ജഗദീഷ്, ടി.ജി. രവി, അർജുൻ രാധാകൃഷ്ണൻ, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ, കനി കുസൃതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ 25 വർഷം മുമ്പ് കേരളത്തെ നടുക്കുകയും ഇന്ത്യ മുഴുവൻ ചർച്ച ആവുകയും ചെയ്ത ഒരു സാധാരണ സംഭവത്തെ ആസ്പദമാക്കിയാണ് ‘പട’ ഒരുക്കിയിരിക്കുന്നത്.
ഒരു സസ്പെൻസ് ത്രില്ലർ മൂവി എന്നുകൂടി ഈ സിനിമയെ വിശേഷിപ്പിക്കാം. അന്നയും റസുലും, നീലാകാശം പച്ചക്കടൽ ചുവന്നഭൂമി, ഓം ശാന്തി ഓശാന, കുഞ്ഞിരാമായണമം, എസ്ര, ഗോദ തുടങ്ങിയ പ്രേഷക മനസിൽ ഇടം നേടിയ സിനിമകൾ സമ്മാനിച്ച ഇ ഫോർ എന്റർടൈൻമെന്റ് ആണ് സിനിമ പ്രദർശനത്തിനെത്തിക്കുന്നത്.
‘ഐഡി’ എന്ന ചിത്രത്തിന് ശേഷം കെ.എം. കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പട’. സമീർ താഹിറാണ് കാമറ ചലിപ്പിക്കുന്നത്. വിഷ്ണു വിജയ് സംഗീതം. എഡിറ്റിങ്: ഷാൻ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ: എൻ.എം. ബാദുഷ.