വെജ് ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി വിളമ്പിയതിന് പിന്നാലെ ഹോട്ടലിൽ സംഘർഷം (Row after chicken biriyani served instead of veg biriyani). പയ്യന്നൂരിലെ ഹോട്ടലിലാണ് സംഘർഷമുണ്ടായത്. അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പയ്യന്നൂർ മെയിൻ റോഡിലെ മൈത്രി ഹോട്ടലിൽ ഇൻ്നലെ ഉച്ചയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഹോട്ടലിലെത്തിയ ഒരാൾ വെജ് ബിരിയാണി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിക്കാനായി വിളമ്പുന്നതിനിടയിലാണ് ബിരിയാണി ചിക്കനാണെന്നത് ശ്രദ്ധയിൽപ്പെട്ടത്.
വിവരം ഹോട്ടലുടമയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെ തർക്കമായി. ചിക്കൻ കഴിക്കാറില്ലെന്നും ഭക്ഷണം മാറ്റി നൽകാൻ ഹോട്ടലുടമ തയ്യാറായില്ലെന്നുമാണ് ആരോപണം. ഹോട്ടലുടമയുമായുള്ള തർക്കം ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടലിലുണ്ടായിരുന്ന രണ്ട് യുവാക്കൾ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. വിളമ്പിയ ചിക്കൻ ബിരിയാണി തങ്ങൾ എടുക്കാമെന്നും പകരം വെജ് ബിരിയാണി കൊടുക്കണമെന്നുമുള്ള യുവാക്കളുടെ സമവായ നിർദ്ദേശവും ഹോട്ടലുടമ പരിഗണിച്ചില്ല. ഇതോടെ ഹോട്ടലുടമ യുവാക്കളോടും തട്ടിക്കയറി.
പിന്നാലെയാണ് തർക്കം കയ്യേറ്റത്തിലെത്തിയത്. ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് പയ്യന്നൂർ യൂണിറ്റ് പ്രസിഡൻറ് കൂടിയായ ഹോട്ടലുടമ ഡി വി ബാലകൃഷ്ണൻ, ഭക്ഷണം കഴിക്കാനെത്തിയ സി പി ഷിമിത്ത്, എംഎസ് സനൂപ് എന്നിവർക്കാണ് പരിക്കേറ്റത്. ഹോട്ടലിൽ ബഹളമായതോടെ നിരവധിപ്പേരാണ് ഇവിടേയ്ക്ക് എത്തിയത്, പിന്നാലെ പൊലീസും എത്തി. ഹോട്ടലുടമയുടെ ഭാഗത്ത് നിന്നാണ് വീഴ്ചയുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വിശദമാക്കി. ഇരുവിഭാഗവും സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.