കീവ്: റഷ്യ- യുക്രെയ്ൻ രണ്ടാംഘട്ട സമാധാന ചര്‍ച്ച നാളത്തേയ്ക്ക് മാറ്റി. യുക്രെയ്ൻ പ്രതിനിധികള്‍ നാളെ ചര്‍ച്ചയ്ക്കെത്തുമെന്ന് അറിയിച്ചു. പോളണ്ട്-ബെലാറസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക.
സമാധാന ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ ഉള്‍പ്പടെയുള്ള പ്രധാന കാര്യങ്ങളില്‍ ധാരണയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യന്‍ പ്രതിനിധി സംഘത്തലവന് വ്ളാഡിമിര്‍ മെഡിന്‍സ്കിയാണ് ഇക്കാര്യത്തില്‍ റഷ്യയുടെ നിലപാട് അറിയിച്ചത്.
ചർച്ച നടത്തണമെങ്കിൽ റഷ്യ ബോംബാക്രമണം അവസാനിപ്പിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയും നേരത്തേ ആവശ്യപ്പെട്ടിരുന്നു.
റഷ്യയുടെ എല്ലാ അന്ത്യശാസനങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാന്‍ ഒരുക്കമല്ലെന്നാണ് ചര്‍ച്ചയ്ക്കൊരുങ്ങുമ്പോള്‍ യുക്രൈന് വ്യക്തമാക്കുന്നത്. സൈനിക പിന്മാറ്റമാണ് യുക്രൈന് ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ആദ്യ ഘട്ട ചര്‍ച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.