കൊല്‍ക്കത്ത: ബംഗാളില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 108 മുന്‍സിപ്പാലിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 102ലും തൃണമൂല്‍ കോണ്‍ഗ്രസ് ജയിച്ചു. ബിജെപി അടക്കം പ്രതിപക്ഷ പാര്‍ട്ടികളെ പൂര്‍ണമായും അപ്രസക്തമാക്കിയാണ് മമതയുടെ വിജയം.
ബിജെപിക്കും കോണ്‍ഗ്രസിനും ഒരു മുനിസിപ്പാലിറ്റി പോലും നേടാന്‍ കഴിയാതിരിക്കെ നാദിയ ജില്ലയിലെ താഹെര്‍പൂര്‍ മുനിസിപ്പാലിറ്റി നേടി ഇടതുമുന്നണി അക്കൗണ്ട് തുറന്നു. ബംഗാള്‍ രാഷ്ട്രീയത്തില്‍ പുതുതായെത്തിയ ഹംറോ പാര്‍ട്ടി ഡാര്‍ജിലിംഗ് മുനിസിപ്പാലിറ്റി പിടിച്ചെടുത്തു.
മൂന്നാം സ്ഥാനത്തേക്ക് പോയിരുന്ന ഇടതുപക്ഷം രണ്ടാം സ്ഥാനത്തേക്ക് വരുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം സമ്മാനിക്കുന്നത്. ഇടതുമുന്നണി 12 ശതമാനം വോട്ട് നേടിയപ്പോള്‍ ബിജെപിക്ക് ഒമ്പത് ശതമാനം വോട്ട് മാത്രമാണ് നേടാനായത്.
പ്രതിപക്ഷനേതാവായ സുവേന്ദു അധികാരിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും പതിറ്റാണ്ടുകളായി വലിയ സ്വാധീനമുണ്ടായിരുന്ന കാന്തി മുന്‍സിപ്പാലിറ്റിയിലും ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ഛൗധരിയുടെ സ്വാധീനകേന്ദ്രമായ മുര്‍ശിദാബാദിലെ ബെഹ്‌റാംപൂര്‍ മുന്‍സിപ്പാലിറ്റിയിലും തൃണമൂല്‍ വലിയ വെല്ലുവിളിയില്ലാതെയാണ് ജയിച്ചുകയറിയത്.
നാല് സിവില്‍ ബോഡികളില്‍, വ്യക്തമായ വിജയി ഉണ്ടായില്ല. ഇവിടെ തൂക്കുസഭയാണ് നിലവിലുള്ളത്.തൃണമൂല്‍ അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പാര്‍ട്ടിയുടെ വിജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികളെയും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.