ന്യൂഡൽഹി: റഷ്യ-യുക്രെയ്ന് യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളിൽ യുക്രെയ്നിലേക്ക് രക്ഷാദൗത്യത്തിനായി 15 വിമാനങ്ങള്‍ പറക്കുമെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യൻ വ്യോമസേനയുടെ വിമാനം സി-17 ഇതിനോടകം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി കഴിഞ്ഞു. റുമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്ന് വ്യോമസേന വിമാനം ഇന്ന് രാത്രി ഡൽഹിയിലെത്തുമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി അറിയിച്ചു..
വ്യോമസേനയുടെ മറ്റ് മൂന്ന് വിമാനങ്ങൾ ബുഡാപെസ്റ്റ് (ഹംഗറി), ബുക്കാറെസ്റ്റ് (റുമാനിയ), റസെസോ (പോളണ്ട്) എന്നിവിടങ്ങളിൽ നിന്ന് ഇന്ന് മടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
യുക്രെയ്നിൽ നിന്ന് 80 ശതമാനം ഇന്ത്യക്കാരും അതിർത്തി കടന്ന് അയൽരാജ്യങ്ങളിലേക്ക് എത്തിയിട്ടുണ്ട്. കീവിൽ നിന്ന് മുഴുവൻ ഇന്ത്യക്കാരെയും പുറത്തെത്തിച്ചു. ഇതുവരെ യുക്രെയ്ൻ വിട്ടത് 17,000 ഇന്ത്യക്കാരാണെന്നും അരിന്ദം ബാഗ്ച്ചി അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് രക്ഷാദൗത്യ വിമാനങ്ങൾ നമ്മുടെ പൗരന്മാരുമായി ഇന്ത്യയിലെത്തി. ഇതോടെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി എത്തിയ വിമാനങ്ങളുടെ എണ്ണം 15 ആയി. ഇത്രയും വിമാനങ്ങളിലായി 3,352 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.