പലപ്പോഴും നമ്മളിൽ ഭൂരിഭാഗം പേരും ഒറ്റയ്ക്കിരുന്നാണ് ഭക്ഷണം കഴിക്കാറുള്ളത്. പക്ഷെ അത്തരത്തിൽ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നത് പല തരത്തിലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിക്കുമെന്നാണ് ചില പഠനങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നത്. നോർത്ത് അമേരിക്കൻ മെനോപോസ് സൊസൈറ്റി നടത്തിയ പഠനത്തിൽ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നവർക്ക് ജീവിതശൈലി രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
പഠനത്തിൽ പറയുന്നതനുസരിച്ച് ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നവരിൽ അമിതമായ ശരീരഭാരം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഭക്ഷണരീതിയിലുണ്ടാകുന്ന വ്യത്യാസമാണ് പൊണ്ണത്തടിയിലേയ്ക്ക് നയിക്കുന്നത്. ഒറ്റയ്ക്കിരിക്കുമ്പോൾ കൂടുതൽ ഭക്ഷണം കഴിക്കുന്നതും ശരിയായ സമയത്ത് ഭക്ഷണം കഴിക്കാത്തതുമാണ് ഇതിന് പ്രധാന കാരണങ്ങൾ.
ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നവരിൽ ഉയർന്ന രക്തസമ്മർദ്ദം വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. വേഗത്തിൽ അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരഭാരം വർദ്ധിക്കുകയും ഇക്കാരണത്താൽ രക്ത സമ്മർദ്ദവും കൂടുകയും ചെയ്യുന്നു.
തനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് മാനസികാരോഗ്യത്തെ ദോഷമായി ബാധിക്കുന്നു. ഇത് വലിയ ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നു എന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.65 വയസിന് മുകളിലുള്ള 600 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഒറ്റയ്ക്ക് താമസിക്കുന്ന ആളുകളിൽ പൊതുവേ ശാരീരീകവും മാനസികവുമായ ആരോഗ്യം കുറവായിരിക്കും എന്നാണ് പഠനത്തിൽ പറയുന്നത്.