കൊച്ചി: ശിവരാത്രിയോട് അനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് വൻ ഭക്തജനത്തിരക്ക്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതിനാൽ പിതൃക്കൾക്ക് ബലിയിടാൻ നിരവധി പേരാണ് ഇത്തവണ എത്തിയത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ബലിതർപ്പണം ആരംഭിച്ചത്. കുംഭ മാസത്തിലെ അമാവാസി കൂടി വരുന്നതിനാൽ ഇന്ന് രാത്രി 11 വരെ ബലിതർപ്പണം തുടരും.
ബലിതർപ്പണത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയും ആലുവ മണപ്പുറത്ത് ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ചാണ് ചടങ്ങുകൾ പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ മുതൽ ആളുകൾ ആലുവ മണപ്പുറത്തേക്ക് എത്തിത്തുടങ്ങിയിരുന്നു. ഇന്ന് പുലർച്ചെ വലിയ തിരക്കാണ് മണപ്പുറത്ത് അനുഭവപ്പെട്ടത്. ഒരേസമയം 1,500 പേർക്ക് ബലിയിടാനുള്ള സൗകര്യം മണപ്പുറത്ത് ഒരുക്കിയിരുന്നു.