എറണാകുളം: സിപിഐഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു കൊടിതോരണങ്ങൾ കെട്ടിയതിനെതിരെ ചില കോണുകളിൽ നിന്നും വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ കെ. ബി. ബഹുലേയൻ രചിച്ച കവിത ചർച്ചയാകുന്നു. അഭിവാദ്യങ്ങൾ എന്ന പേരിലുള്ള കവിത സിപിഎം വിമർശകരെ ചോദ്യം ചെയ്യുന്നു.
“ചുവപ്പുകണ്ട കാളയെന്തു വിറളി പൂണ്ടു ചെയ്യിലും
പിടിച്ചു കെട്ടി കൊമ്പൊടിച്ച നാടിതാണ് കേരളം”
എന്നിങ്ങനെ തുടങ്ങുന്ന കവിത “നാടുനീളെയെന്തിനിത്ര കൊടികൾ?”എന്ന പരിഹാസത്തെ ചോദ്യം ചെയ്യുന്നുണ്ട്. ജാതി, വർണ്ണ ചിന്തകൾക്കതീതമായ് ജയിക്കുവാൻ, നീതിബോധ തുല്യതക്ക് നേർവഴി തെളിക്കുവാൻ ഈ കൊടി ചുവന്ന് തന്നെ നിൽക്കണമെന്നും കവിത പറയുന്നു.
കെ. ബി. ബഹുലേയൻ എഴുതിയ കവിത വായിക്കാം:
അഭിവാദ്യങ്ങൾ
ചുവപ്പുകണ്ട കാളയെന്തു വിറളി പൂണ്ടു ചെയ്യിലും
പിടിച്ചു കെട്ടി കൊമ്പൊടിച്ച നാടിതാണ് കേരളം.
നമുക്ക് ജീവനേകിടുന്ന ഹൃദയ രക്തവർണ്ണമേ..
ചുവപ്പ്, നിന്നെ ദൂരെനിന്നു കണ്ടിടാം കരുത്തിതാ.
അടിമയാക്കി ഉയിര് കൊയ്ത ജന്മികൾ മറഞ്ഞുപോയ്.
അതിനു വേണ്ടി ജീവരക്തമേകിയെത്ര പുളകിതർ.
തണലു നൽകി കാത്തിടാൻ ഉയർന്നു വന്നു ചെങ്കൊടി.
ആയിരങ്ങളല്ല, ലക്ഷ, കോടികൾ നിരന്നിതാ
ഹൃദയമേറ്റി നാടിതിൽ ഉയർന്നു പൊങ്ങി ചെങ്കൊടി.
“നാടുനീളെയെന്തിനിത്ര കൊടികൾ?”എന്ന ഹാസ്യമേ..
പതിതരുള്ള പാതകൾക്ക് തണലു വീശും ഈ കൊടി.
ജാതി, വർണ്ണ ചിന്തകൾക്കതീതമായ് ജയിക്കുവാൻ
നീതിബോധ തുല്യതക്ക് നേർവഴി തെളിക്കുവാൻ
സമര വീര്യ കാഹളം മുഴങ്ങിടുന്ന നാളിതിൽ
ചുവന്നു തന്നെ നിൽക്കണം, ഉയർന്നിടട്ടെ, ചെങ്കൊടി.