തിരുവനന്തപുരം: പാലോട് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊന്നു. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സൗമ്യയെ പാലോട് പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഷിജുവിനെ കല്ലും ടൈലും കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഷിജു ഫോൺ ചെയ്ത് കൊണ്ടിരുന്നപ്പോൾ പിറകിലൂടെ ചെന്ന് കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നീങ്ങിയതെന്നുമാണ് സൗമ്യ പൊലീസിന് നൽകിയ മൊഴി.
ഷിജു ഗൾഫിൽ നിന്നും നാട്ടിൽ വന്നിട്ട് 10 ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഇന്നലെ ഇരുവരും തൊട്ടടുത്ത ക്ഷേത്രത്തിൽ ശിവരാത്രി ഉൽസവത്തിൽ പങ്കെടുക്കാൻ പോയിരുന്നു. രാത്രി സൗമ്യ തിരികെ വീട്ടിൽ വന്നപ്പോൾ ഷിജു അടുക്കളയുടെ പുറത്ത് നിന്നും ഫോൺ ചെയ്യുകയായിരുന്നു. തുടർന്ന് ഇരുവർക്കുമിടയിൽ തർക്കമുണ്ടായി. ശേഷം കല്ല് കൊണ്ട് ഷിജുവിനെ തലക്ക് അടിച്ചു കൊല്ലുകയായിരുന്നു.