ഇടുക്കി: കോമ്പയാർ ഏലയ്ക്ക സ്റ്റോറിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കട്ടപ്പന ഡിവൈഎസ്പി (Kattappana Dysp) വിഎ നിഷാദ് മോന്റെ നേതൃത്വത്തിൽ ഉള്ള അഞ്ചംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു. തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെയായിരുന്നു സ്ഫോടനം( Blast). കോമ്പയാർ റേഷൻ കടയ്ക്ക് എതിർവശത്തുള്ള കോമ്പയാർ ബ്ലോക്ക് നമ്പർ 738 ൽ മുഹമ്മദ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഗ്രീൻഗോൾഡ് കാർഡമം ഡ്രയറിലാണ് സ്ഫോടനം നടന്നത്.
സ്ഫോടനുവമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സ്ഫോടന വസ്തുക്കൾ യാതൊന്നും കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. എന്നാൽ ടിന്നർ, മണ്ണെണ എന്നിവ ഉപയോഗിച്ചിരുന്നതായി കണ്ടെത്തുവാൻ കഴിഞ്ഞിരുന്നു. ഡ്രയർ സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിന്റെ വെന്റിലേഷനിലൂടെ അകത്തേക്ക് നിക്ഷേപിച്ച മണ്ണെണ്ണയും ടിന്നറും തീപിടത്തിന് കാരണമായി. ഇതിനെ തുടർന്ന് മുറിയിൽ തങ്ങി നിന്ന വാതകത്തിന്റെ സമ്മർദത്തെ തുടർന്ന് പൊട്ടിത്തെറി നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇത് ചെയ്ത വ്യക്തിയെ സംബന്ധിച്ച് ക്യത്യമായ വിവരം ലഭ്യമായിട്ടില്ല. സമീപത്തെ സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ച് വരികയാണ്. സ്ഫോടത്തിന് ശേഷം ഓടിയെത്തിയ ആളുകൾ, സമീപവാസികൾ, സ്ഥാപന ഉടമ, തൊഴിലാളികൾ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനം ഉണ്ടായ മുറിയൂടെ തൊട്ടടുത്ത മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന മദ്ധ്യപ്രദേശ് മാണ്ഡ്ല സ്വദേശിയായ രോഹിത് കുമാർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടിരുന്നു. കെട്ടിടത്തിന്റെ നാല് ജനലുകളും ഉള്ളിലെ രണ്ട് കതകുകളും പുറത്തെ ഷട്ടറും പൂർണമായി തകർന്ന നിലയിലാണ്.