വേനല്‍കാലം തുടങ്ങി കഴിഞ്ഞു. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്തുവെന്നാണ് റിപ്പോർട്ടുകൾ. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നു തുടങ്ങും. തലവേദന, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നിങ്ങനെ തീവ്രത കൂടിയ അസുഖങ്ങളിലേയ്ക്ക് അങ്ങനെ പട്ടിക നീളുന്നു.
ചൂടുകുരു, വെയില്‍ കൊള്ളുമ്പോള്‍ ചര്‍മ്മത്തില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ കാരണം ചുവപ്പ്, ചൊറിച്ചില്‍, വരള്‍ച്ച എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. പനി, ഛര്‍ദ്ദില്‍ എന്നീ ലക്ഷണങ്ങളും ചിലരില്‍ കാണാറുണ്ട്. തൊലി കൂടുതല്‍ പൊള്ളുന്നതനുസരിച്ച് കുമിളകള്‍ ഉണ്ടാവുക, തൊലി അടര്‍ന്നു മാറുക എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കൂടുതല്‍ വിയര്‍ക്കുന്നവരില്‍ ചൂടുകുരുവും കാണാറുണ്ട്. കഴിയുന്നതും ശക്തമായ വെയില്‍ ഉള്ളപ്പോള്‍ പുറത്ത് ഇറങ്ങാതിരിക്കുക, സണ്‍ സ്‌ക്രീന്‍ ലോഷന്‍, പൗഡറുകള്‍ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടുതവണ കുളിയ്ക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക എന്നീ പ്രതിരോധമാര്‍ഗങ്ങള്‍ നമുക്ക് തന്നെ സ്വീകരിക്കാം.