ന്യൂഡൽഹി; യുക്രൈനിലെ ഹര്‍കീവില്‍ റഷ്യന്‍ ആക്രമണത്തില്‍ (Russia Attack) കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ (Naveen) ശേഖരപ്പ ജ്ഞാനഗൗഡറുടെ മൃതദേഹം രാജ്യത്ത് എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല പറഞ്ഞു. മൃതദേഹം ഇന്ത്യയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രൈന്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം, കീവിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ മേഖലയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ യുക്രൈൻ അതിർത്തിയിൽ എത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. യുക്രൈനിൽ നിന്ന് 60 ശതമാനത്തോളം ഇന്ത്യൻ പൗരന്മാർ മടങ്ങിയെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. സംഘർഷം രൂക്ഷമായ ഖാർക്കിവിലെ ഒഴിപ്പിക്കൽ നടപടിക്കാണ് മുൻഗണനയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.