മോസ്കോ: യുക്രൈൻ അധിനിവേശം നടത്തുന്ന റഷ്യയ്ക്ക് അഞ്ചുദിവസം കൊണ്ട് കനത്ത നാശനഷ്ടങ്ങളാണുണ്ടായതെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 5,700 റഷ്യന്‍ സൈനികരുടെ ജീവൻ റഷ്യയ്ക്ക് നഷ്ടപ്പെട്ടതായി യുക്രൈന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
യുക്രൈൻ സൈനികമേധാവിയുടെ വക്താവ് ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലാണ് റഷ്യൻ ക്യാംപിലുണ്ടാക്കിയ നാശത്തിന്റെ തോത് വെളിപ്പെടുത്തിയത്. 200 റഷ്യൻ സൈനികരെ ബന്ധികളായി പിടിച്ചെടുക്കുകയും ചെയ്തതായി വക്താവ് അവകാശപ്പെടുന്നു. ഇതിനു പുറമെ 198 റഷ്യൻ ടാങ്കറുകളും 29 യുദ്ധവിമാനങ്ങളും 846 കവചിത വാഹനങ്ങളും 29 ഹെലികോപ്ടറുകളും തകർത്തതായും അവകാശവാദമുണ്ട്.
യുക്രൈൻ പ്രതിരോധത്തിൽ കനത്ത നഷ്ടമാണ് റഷ്യയ്ക്കുണ്ടായതെന്നാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും വിലയിരുത്തിയത്. വൻനാശനഷ്ടങ്ങളുണ്ടായതായി ഞായറാഴ്ച റഷ്യൻസേനയും സമ്മതിച്ചിരുന്നു.
അതിനിടെ, കീവിലെ ടിവി ടവര്‍ റഷ്യന്‍ ബോംബാക്രമണത്തില്‍ തകര്‍ന്നു. ഇതിനെത്തുടര്‍ന്ന് യുക്രൈനിയന്‍ ചാനലുകള്‍ സംപ്രേക്ഷണം നിര്‍ത്തി. കീവിലെ സെക്യൂരിറ്റി സർവീസ് ഹെഡ്ക്വാർട്ടേഴ്സ് ആക്രമിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു സമീപത്തുള്ള ആളുകളോട് പ്രദേശത്തുനിന്നും ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തെ തുടർന്ന് ടിവി ചാനലുകൾ സംപ്രേക്ഷണം നിർത്തിയതായി കീവ് ആസ്ഥാനമായുള്ള യുക്രെയ്ൻ-ഇംഗ്ലീഷ് ഭാഷാ വാർത്താ ഏജൻസിയായ കൈവ് ഇൻഡിപെൻഡന്റ് പറഞ്ഞു. റഷ്യക്കാർക്കെതിരെ തെറ്റായ വിവരങ്ങൾ നൽകുന്നെന്നാരോപിച്ചായിരുന്നു ആക്രമണം.